കോട്ടയം: കുടമാളൂര്‍ 1517-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഇക്കൊല്ലവും ചെമ്പകശേരി രാജാവിന് ഓണസമ്മാനവുമായി എത്തും. രാജവംശത്തില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന അംഗമായ മിത്രന്‍ നമ്പൂതിരിപ്പാടിനെയാണ് കരയോഗം ഇന്ന് സമ്മാനം നല്‍കി ആദരിക്കുന്നത്. രാജക്കന്മാര്‍ പൊതുവെ ക്ഷത്രിയവംശജരാണെങ്കിലും ചെമ്പകശേരി ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവരാണ്. കരയോഗം വക ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ കാലങ്ങളായി ഇദ്ദേഹം മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലം അതിനു സാധിക്കാതെ സ്വഗൃഹത്തില്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ അശോകന്‍ നമ്പൂതിരി പിന്നീട് ക്ഷേത്രം മേല്‍ശാന്തി യായി വരവെ കാന്‍സര്‍ ബാധിച്ച് നിര്യാതനായി.
കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രത്തിനു വടക്ക് മീനച്ചിലാറിന്റെ തീരത്ത് യാതൊരു പ്രൗഢിയുമില്ലാതെയാണ് രാജകുടുംബം സ്ഥിതിചെയ്യുന്നത്. എല്ലാ വര്‍ഷവും ഓണത്തിനും വിഷുവിനും കരയോഗം ഭാരവാഹികള്‍ രാജാവിനെ ചെന്നു വണങ്ങി സമ്മാനം നല്‍കി വരുന്നു. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കുടമാളൂര്‍ രാധാകൃഷ്ണന്‍, രാജഗോപാല്‍, ജയകുമാര്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
















