കുമരകം: രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാറി മാറി കുമരകം കെഎസ്ഇബിക്കു മുന്നില്‍ സമരമുറകള്‍ നടത്തിയിട്ടും കുമരകംകാര്‍ ഇരുട്ടില്‍തന്നെ. പകല്‍ സമയങ്ങളില്‍ അഞ്ചും ആറും പ്രാവശ്യമെങ്കിലും കറന്റു കട്ടാണ്. രാത്രിയിലെ സ്ഥിതിയും മറിച്ചല്ല. രാത്രിയില്‍ കറന്റുകട്ടുണ്ടായാല്‍ ഇലക്ട്രിസ്റ്റി ഓഫീസിലേക്കു വിളിച്ചാല്‍ ഒരു ഉറക്കച്ചടവോടെയുള്ള മറുപടിയല്ലാതെ കറന്റു ലഭിക്കാറില്ല. അടുത്ത ദിവസം വന്നാലായി. ഈ സ്ഥിതി തുടങ്ങിയിട്ട് നാളേറെയായതിനാല്‍ സഹികെട്ടാണ് ബിജെപി പ്രവര്‍ത്തകരും ഇടതുപക്ഷ സംഘടനകളും ഓഫീസിനു മുന്നില്‍ സമരവും ധര്‍ണയും സംഘടിപ്പിച്ചത്. സമരമൊന്നും ഞങ്ങളുടെ മുന്നില്‍ വിലപ്പോകില്ലെന്ന നിലപാടിലാണ് കുമരകത്തെ കെഎസ്ഇബി ജീവനക്കാര്‍. ലൈനിലെ അറ്റകുറ്റപ്പണിക്ക് വന്നാലും ജീവനക്കാര്‍ കള്ളുഷാപ്പിലാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇലക്ട്രിസിറ്റി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ സമരം നയിച്ചവര്‍ ഇനിയെന്തു ചെയ്യുമെന്നാണ് ചിന്തിക്കുന്നത്. കെഎസ്ഇബി ജീവനക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ സമരവുമായി ഇലക്ട്രിസിറ്റി ബോര്‍ഡിലെത്തുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇലക്ട്രിസിറ്റി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ വകുപ്പുതന്നെ നേരിട്ടിടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.
















