അമ്മ ഭക്തിയെക്കുറിച്ചു പറയുന്നതെന്താണെന്നോ, അത് അമ്മയുടെ അനുഭവമാണ്. ഇന്നു പല പണ്ഡിതന്മാരും സന്ന്യാസിമാരും ഉണ്ട്. അവരൊക്കെ അദ്വൈതം പറയുന്നതല്ലാതെ അതില്‍ ജീവിക്കുന്നതായി കാണാറില്ല. മനസ്സില്‍ നിറയെ രാഗദേ്വഷങ്ങളാണ്. അദ്വൈതം പറയാനുള്ളതല്ല. അനുഭവിക്കാനുള്ളതാണ്.
ഉപനിഷത്തിലൊരു കഥയുണ്ട്. അച്ഛന്‍ മകനെ ശാസ്ത്രം പഠിക്കാന്‍ വിട്ടു. ശാസ്ത്രങ്ങള്‍ പഠിച്ചുവന്ന മകന്റെ ഗര്‍വ്വു കണ്ടപ്പോള്‍ അച്ഛനു മനസ്സിലായി, മോന്‍ പഠിച്ചതു ശരിയായി ഉള്‍ക്കാണ്ടിട്ടില്ലെന്ന്. എല്ലാം കേട്ടതിനുശേഷം അച്ഛന്‍ മകനെ ശരിയായ തത്ത്വം പഠിപ്പിക്കാനുറച്ചു. പാലും കുറച്ചു പഞ്ചസാരയും കൊണ്ടുവരാന്‍ മകനോടു പറഞ്ഞു. മകന്‍ കൊണ്ടുവന്നു. അച്ഛന്‍ പറഞ്ഞതനുസരിച്ചു പഞ്ചസാര പാലില്‍ കലക്കി. നാലുഭാഗത്തുനിന്നും കോരിക്കൊടുത്തു. എങ്ങനെയുണ്ടെന്നു ചോദിച്ചു. മധുരമുണ്ടെന്നു പറഞ്ഞു. എത്ര മധുരമുണ്ടെന്നു ചോദിച്ചു. മകനു രുചി വിവരിക്കുവാന്‍ കഴിഞ്ഞില്ല. മൗനമായി നിന്നു. അപ്പോഴാണു മകനു കാര്യം മനസ്സിലായത്. ബ്രഹ്മം അനുഭൂതിയാണ്. അതു വാക്കാല്‍ പറയാവതല്ല. അതുവരെ ആത്മാവിനെപ്പറ്റി സംസാരിച്ചു ബഹളം വച്ചിരുന്ന ആ യുവാവിന് അതു വാക്കാല്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്ന ഒരു വസ്തുവല്ല. അനുഭവമാണെന്നു ബോദ്ധ്യമായി.
– മാതാ അമൃതാനന്ദമയി ദേവീ
















