മായകൊണ്ടവിവേകമാനസന്മാര്‍ക്കു സദാ-
കാലവുമാത്മമനസ്സമത്വം ഭവിക്കയാല്‍
കര്‍മ്മമാം പാശംകൊണ്ടു മനസ്സു ബന്ധിക്കയാല്‍
നിര്‍മ്മലനായ ജീവന്‍ ദുഃഖിതനായീടുന്നു
ദേഹദേഹികള്‍ രണ്ടുമൊന്നെന്നു നിനയ്‌ക്കുന്ന
മോഹികളെല്ലാമവിവേകികളറിഞ്ഞാലും.
ദേഹത്തെത്യജിപ്പാനുമാത്മാവെത്തിരവാനും
ദേഹം ഞാനെന്ന പാശബന്ധത്തെ ഛേദിപ്പാനും
ദേഹിയോടുള്ള വ്യതിരിക്തം ഭവിപ്പാനും
ദേഹികള്‍ക്കുണ്ടായ് വന്നീടേണ്ടതു വിവേകവും
ഐഹിക സുഖങ്ങളിലുള്ളൊരു വൈരാഗ്യവും.
ആശയം: മായകൊണ്ട് അവിവേക മാനസന്മാരായവര്‍എപ്പോഴും ആത്മാവിനും മനസ്സിനും സമത്വം കല്പിക്കുന്നു. അതായത് അവര്‍ മനസ്സും ആത്മാവും ഒന്നാണെന്ന് ചിന്തിക്കുന്നു. അതുകൊണ്ട് കര്‍മ്മപാശംകൊണ്ട് അവരുടെ മനസ്സും ബന്ധിക്കും. ഒരു ബന്ധനവുമില്ലാത്ത നിര്‍മ്മലനായ ജീവന്‍ ദുഃഖം അനുഭവിക്കേണ്ടിവരുന്നു. ദേഹവും ദേഹിയും ഒന്നാണെന്ന് വിചാരിക്കുന്നത് മായാമോഹിതന്മാരാണ്. അവരെയാണ് അവിവേകികള്‍ എന്നു പറയുന്നത്.ഈ ശരീരമല്ല ഞാനെന്നുറച്ച് ദേഹത്തെ ഉപേക്ഷിക്കാനും, എന്നിട്ട് ആത്മാന്വേഷണം നടത്താനും, ദേഹമാണ് ഞാനെന്ന പാശത്തെ മുറിച്ചുകളയാനും ദേഹിയാകുന്ന ആത്മാവിന് ശരീരത്തോടുള്ള ബന്ധം വേര്‍പെടുത്താനും കഴിയുമ്പോള്‍ മായയില്‍ നിന്നുണ്ടായ മോഹം അകന്ന് ആനന്ദം അനുഭവിക്കാന്‍ സാധിക്കും. ഇതിനു ശരീരമെടുത്തിരിക്കുന്നവര്‍ക്ക് വേണ്ടത് വിവേകമാണ്. അതായത് ആത്മാനത്മാ വിവേകം. ആത്മാവ് നിത്യനും ആനന്ദസ്വരൂപനും. അതല്ലാത്തതെല്ലാം നശ്വരനും ദുഃഖപൂരിതനുമായ അനാത്മാവും. ഇതാണ് ആത്മാനത്മാ വിവേകം. അതുണ്ടാകണമെങ്കില്‍ നശിച്ചുപോകുന്ന ഐഹിക സുഖങ്ങളോട് വൈരാഗ്യം ഉണ്ടാകണം.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
















