കടുത്തുരുത്തി: കാറ്റടിച്ചാല്‍ നനയുന്ന ഒറ്റമുറി, പ്രാഥമിക സൗകര്യങ്ങളില്ല… മൂന്നുവയസുള്ള കുരുന്നുകള്‍ പഠിക്കുന്ന ഞീഴൂര്‍ കാട്ടാമ്പാക്ക് അംഗന്‍വാടിയെക്കുറിച്ചു നാട്ടുകാര്‍ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. ഗ്രില്‍ പൂട്ടിക്കഴിഞ്ഞാല്‍ ഈ അംഗന്‍വാടി കുഞ്ഞുങ്ങള്‍ക്കു ജയില്‍മുറിപോലെയാണ്. ടീച്ചറും ആയയും അകത്തുണ്ടെന്ന ഒറ്റ ആശ്വാസം മാത്രമാണ് കുട്ടികള്‍ക്കപ്പോള്‍. കാട്ടാമ്പാക്ക് എട്ടാം വാര്‍ഡ് എന്‍എസ്എസ്എച്ചസിന് സമീപമുള്ള നേഴ്‌സറി സ്‌കൂള്‍ വാടകത്തര്‍ക്കത്തെത്തുടര്‍ന്നാണ് കാട്ടാമ്പാക്ക് സാംസ്‌കാരിക നിലയത്തിന്റെ മുകളിലെ ജിഐ ഷീറ്റിട്ട മേല്‍ക്കൂരയ്‌ക്കു കീഴിലേക്കു മാറ്റുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്തുമൂലം കുട്ടികള്‍ക്കുള്ള ആഹാരം പാകം ചെയ്യാന്‍ ഇവിടെ കഴിയാറില്ല. കാറ്റോടു കൂടി മഴപെയ്താല്‍ മുറി മുഴുവന്‍ വെള്ളമാകും. ഞീഴൂര്‍ പെഞ്ചായത്ത് മെമ്പറുടെയും അംഗന്‍വാടി ടീച്ചറുടെയും പഞ്ചായത്ത് അധികാരികളുടെയും ധാര്‍ഷ്ട്യമാണ് കുഞ്ഞുങ്ങളുടെ ഈ ദുര്‍ഗതിക്കു കാരണമെന്നാണ് ആക്ഷേപം. അംഗന്‍വാടിക്കുമുകളിലൂടെ പോകുന്ന ത്രീഫെയ്‌സ് വൈദ്യുതിലൈന്‍ കാറ്റടിച്ചാല്‍ ജിഐ ഷീറ്റില്‍ത്തട്ടി എപ്പോള്‍വേണമെങ്കിലും കുട്ടികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാം. ഇതിനു മുമ്പുണ്ടായിരുന്ന ഒറ്റമുറി അംഗന്‍വാടിക്ക് വേണ്ടി മുറിയുടമ കുട്ടികള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും 200 രൂപ മാത്രമാണ് വാടകയിനത്തില്‍ നല്‍കിയിരുന്നത്. കാലാകാലങ്ങളില്‍ വാടകത്തുക കൂട്ടി നല്‍കാന്‍ കെട്ടിടമുടമ ആവശ്യപ്പെട്ടതാണ് അംഗന്‍വാടി സാംസ്‌കാരിക നിലയത്തിന് മുകളിലേക്ക് മാറ്റാന്‍ കാരണം. പഞ്ചായത്തിന്റ പണം മുടക്കി. പഞ്ചായത്ത് അംഗന്‍വാടിക്കുവേണ്ടി അഞ്ചുസെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷമായിട്ടും പഞ്ചായത്തധികൃതര്‍ക്ക് അംഗന്‍വാടിക്ക് വേണ്ടി കെട്ടിടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അംഗന്‍വാടിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചു ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നനാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.
















