ഇത് ഭാരതസംസ്‌കാരത്തിലെ എക്കാലത്തെയും ചരിത്രം തന്നെ. രാജാവായ രാവണന്റെ അതിമോഹവും സ്ത്രീലമ്പടത്വവും മൂലം തകരുന്ന നഗരിയാണ് ലങ്ക. കാലത്തിലെന്നും ലങ്കകളുണ്ടാവും; ലങ്കയെ തകര്‍ത്തെരിയിക്കുന്ന ധര്‍മത്തിന്റെ ആഗ്നേയാസ്ത്രമായി ശ്രീരാമ സാന്നിദ്ധ്യവും. ലങ്കയുടെ മറുചിത്രമായി ധര്‍മത്തിന്റെ, വീണ്ടും പൂക്കുന്ന രാജഗൗരവത്തിലേക്കാണ് അയോദ്ധ്യ നടന്നുകയറുന്നത്. ക്ഷണികസുഖത്തിന്റെ ദുഃഖാന്ത്യവും ധാര്‍മികതയുടെ അന്തിമവിജയവും രാമായണത്തിന്റെ ദര്‍ശനതത്വങ്ങളായി മാറുകയാണിവിടെ. ഭാരതത്തിന്റെ തെളിഞ്ഞ ചിന്തയായി ലോകം മാനിച്ചുപോന്ന ധാര്‍മികതയെ സമൂഹത്തില്‍ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടവരാണ് ഭാരതസ്ത്രീകള്‍. അത്തരം ധര്‍മവാദിനികളുടെയും ധര്‍മവാഹിനികളുടെയും നീണ്ടനിര തന്നെ നമ്മുടെ ഇതിഹാസപുരാണങ്ങളില്‍ കാണാം.
ധര്‍മസംരക്ഷണത്തിന്റെ ഉത്തരവാദിത്വം സ്ത്രീയില്‍ നിക്ഷിപ്തമായതുകൊണ്ടായിരിക്കാം, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളെ ധര്‍മപത്‌നി എന്നോ ‘സഹധര്‍മിണി’ എന്നോ പറയുന്നത്. ഭര്‍ത്താവിനെയും കുടുംബത്തെയും ധര്‍മത്തിലേക്ക് നയിക്കുന്നവളാണ് ധര്‍മപത്‌നി. പതിയോടൊത്ത് ധര്‍മവൃത്തിയിലേര്‍പ്പെടുമ്പോള്‍ അവള്‍ സഹധര്‍മിണിയുമാകുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷന്റെ ധര്‍മപ്രവൃത്തികളുടെ പൂര്‍ണത സ്ത്രീയിലൂടെയാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ ധര്‍മചാലനം സ്ത്രീയിലൂടെയാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. സ്വന്തം ഭര്‍ത്താവടങ്ങുന്ന കുടുംബത്തെയും സമൂഹത്തെയും ധര്‍മപഥങ്ങളിലേക്ക് നയിക്കുന്ന കര്‍മമണ്ഡലമാണ് ധര്‍മപത്‌നിയുടേത് എന്നര്‍ത്ഥം. ഇത്തരം ഒരു ധര്‍മപത്‌നിയാണ് യഥാര്‍ത്ഥത്തില്‍ രാമായണ കാവ്യത്തിന്റെ പിറവിക്ക് നിദാനം.
(തുടരും)
പ്രൊഫ.വി.ടി.രമ
















