സംസാരചക്രം
പാര്‍വ്വതിയുടെ സംശയം കേട്ട് ശ്രീപരമേശ്വരന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു- വട്ടം കറങ്ങുന്ന മനുഷ്യന് തനിയ്‌ക്കുചുറ്റുമുള്ള ഗൃഹവും വൃക്ഷവും എല്ലാം വട്ടം കറങ്ങുന്നതായി തോന്നും. മൂഢന്മാര്‍ മായാതീതവും ശുദ്ധബദ്ധവുമായ പരമാത്മാവിലും തങ്ങളുടെ അജ്ഞാനം ആരോപിയ്‌ക്കുന്നു. അവര്‍ സ്ത്രീപുത്ര, ഗൃഹാദികളില്‍ ആസക്തരായി. പാമരന്മാരായി പല നിസ്സാരകര്‍മ്മങ്ങളിലും വ്യാപരിച്ച് സംസാരചക്രത്തില്‍ കുടുങ്ങി കറങ്ങുന്നു. അതുപോലെയാണ് ഈ പരമാത്മ സ്വരൂപവും എന്ന് അവര്‍ കരുതുന്നു. ഇത് മനസിലാക്കാന്‍ ഹേ, ദേവീ, സീതാരാമന്മാരുടേയും ഹനുമാന്റേയും സംവാദം ശ്രദ്ധിയ്‌ക്കൂ.
രാമാവതാര സമയത്ത് രാവണനെ കൊന്ന് അയോദ്ധ്യയില്‍ രാമനും ലക്ഷ്മണനും സീതയും തിരിച്ചെത്തി. രാമന്റെ പട്ടാഭിഷേകവും നടന്നു. ആ അവസരത്തില്‍ എല്ലാവിധ സേവനങ്ങളും നിര്‍വ്വഹിച്ചവനും യാതൊരു പ്രത്യുപകാരവും ആഗ്രഹിയ്‌ക്കാത്തവനും ഭോഗേച്ഛാരഹിതനും മഹാമതിയുമായ ഹനുമാന്‍ ജ്ഞാനാഭിലാഷത്താല്‍ തന്റെമുന്നില്‍ കൈകൂപ്പി നില്‍ക്കുന്നത് കണ്ടു രാമന്‍ സീതയോടു പറഞ്ഞു- ‘ഇവന് ജ്ഞാനം മാത്രമേ ആഗ്രഹമുള്ളൂ. ബ്രഹ്മചാരികളില്‍ ഒന്നാമനാണ്. അതുകൊണ്ട് ദേവീ, ഇവന് ബ്രഹ്മോപദേശം ചെയ്യൂ.’എന്ന്.
അതുകേട്ട സീത- ഹേ, ‘വത്സ ഹനുമാന്‍! നീ രാമനെ സാക്ഷാല്‍ സച്ചിദാനന്ദ സ്വരൂപനാണെന്നു മനസ്സിലാക്കൂ. വാക്കിനും മനസ്സിനുപോലും ചെന്നെത്താന്‍ പറ്റാത്തതാണ് ബ്രഹ്മം. അതു നിശ്ചലനാണ്. ജനിയ്‌ക്കാത്തവനായതിനാല്‍ തന്നെ നശിയ്‌ക്കുന്നുമില്ല. ഈ ലോകത്തിന്റെ കാരണമായവനാണ്. സകലത്തിലും വ്യാപിച്ചുനില്‍ക്കുന്നവനുമാണ്.
എന്നാല്‍ ഞാന്‍ മൂലപ്രകൃതിയാണ് ‘മായ’ എന്ന് പറയപ്പെടുന്നു. പ്രകൃതിയുടെ മൂല കാരണം. ഈ മൂലപ്രകൃതിയില്‍ സംസാരത്തിന്റെ പ്രപഞ്ചത്തിന്റെ ഉല്‍പത്തി, നിലനില്‍പ്പ്, വിലയം (പ്രലയം), എന്നിവ ചെയ്യുന്നു. പക്ഷെ, അത് ബ്രഹ്മത്തിന്റെ സാന്നിധ്യം കൊണ്ടുമാത്രമാണ് നടക്കുന്നത്. ഈ ബ്രഹ്മം നിശ്ചലമാണെങ്കിലും അറിവില്ലാത്ത, അജ്ഞാനികളായ ജനങ്ങള്‍, ഇതെല്ലാം ബ്രഹ്മത്തിലാണു ഉണ്ടാക്കപ്പെടുന്നത് എന്നു കരുതുന്നു.
മായ എന്നാല്‍ എന്ത്? ഇല്ലാത്തതിനെ ‘ഉണ്ട്’ എന്നും ഉള്ളതിനെ ‘ഇല്ല’ എന്നും തോന്നിയ്‌ക്കുന്നതാണ് മായ.
മൂലപ്രകൃതിയെന്നാല്‍ പ്രകൃതിയ്‌ക്കു കാരണമായത്-അതായത് ഉല്‍പ്പത്തി, നിലനില്‍പ്പ്, വിലയം (പ്രലയം) എന്നിവ.’ഈ ക്ഷണം’ എന്ന നോട്ടത്താല്‍ മാത്രം മായയില്‍ പ്രതിബിംബങ്ങളുണ്ടാക്കുകയും ചലനങ്ങള്‍ ഭവിയ്‌ക്കുകയും ചെയ്യുന്നു. അതിന്റെ കര്‍മ്മത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവരുന്നതാണ് ‘ലോകം’
തുടരും
വി.പി.ഭാനുമതി അമ്മ,
പാലക്കാട്
















