524. സര്‍വവ്യാപീഃ – എല്ലാത്തിലും വ്യാപിക്കുന്നവന്‍, എല്ലാമായി വ്യാപിക്കുന്നവന്‍. മുന്‍ നാമവുമായി ബന്ധപ്പെട്ട നാമം. പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഭഗവാന്റെ രൂപമാണ്. എഴുത്തച്ഛന്‍ ഭാഗവതം കിളിപ്പാട്ടില്‍
” നാനാചരാചര ജാതികളുള്ളിലും നാനാവിധാത്മഭൂഖണ്ഡങ്ങള്‍ തമ്മിലും ഭൂവാരി വായ്വഗ്നിഖാദികള്‍ തമ്മിലും നീവാരരത്‌നകനകാദികളിലും സ്ഥൂണസൂഷിരസ്വരൂപാദികളിലും ഘ്രാണരസസ്പര്‍ശനാദ്യങ്ങള്‍ തമ്മിലും കാണായവറ്റിലും കേള്‍ക്കായവറ്റിലും താനായ് നിറഞ്ഞുമറഞ്ഞുനില്‍ക്കും പരന്‍” എന്നു പ്രഹ്ലാദന്‍ സ്തുതിക്കുന്ന വിഷ്ണുവിനെ ഈ നാമം കുറിക്കുന്നു.
525. മഹേശ്വരഃ – മഹാനായ ഈശ്വരന്‍. കീര്‍ത്തികൊണ്ട് അന്യരെ പരാജയപ്പെടുത്തുന്നവന്‍ എന്നും പൂജിക്കപ്പെടുന്നവന്‍ എന്നും മഹാന്‍ എന്ന പദത്തെ കോള്‍കാരന്മാര്‍ നിര്‍വചിക്കുന്നു. ശ്രേഷ്ഠന്‍ എന്നു സംഗ്രഹിക്കാം. ഈശ്വര ശബ്ദത്തിന് ഭരിക്കുന്നവന്‍ എന്നും ഐശ്വര്യം തരുന്നവന്‍ എന്നും മറ്റുള്ളവരെ വശപ്പെടുത്തുകയും മറ്റൊന്നിനും വശപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ എന്നും ആചാര്യന്മാര്‍ അര്‍ത്ഥം കല്‍പിക്കുന്നു. രണ്ടു പദങ്ങളും ചേര്‍ന്നുണ്ടായ മഹേശ്വരശബ്ദം പുരണാകര്‍ത്താക്കള്‍ ശിവനെയും വിഷ്ണുവിനെയും പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നു. ഈ സ്‌തോത്രത്തില്‍ ഗുരുവായൂരപ്പന്റെ നാമമായി മഹേശ്വരന്‍ എന്നു പ്രയോഗിക്കുമ്പോള്‍ ശിവനും വിഷ്ണുവും വ്യത്യസ്തരല്ലെന്നും ശിവനെന്നും വിഷ്ണുവെന്നും സ്തുക്കിപ്പെടുന്ന പരമപുരുഷന്‍ തന്നെയാണു ഗുരുവായൂരപ്പനെന്നും മനസ്സിലാക്കണം.
ശ്ലോകം 108
നാരായണോ നാരശായീ നായകോ
നാരദാര്‍ച്ചിതഃ
നന്ദകീ ചക്രപാണിശ്ച പാഞ്ചജന്യപ്രഘോഷകഃ
526. നാരായണഃ – നാരായണന്‍. ഈ സഹസ്രനാമസ്‌തോത്രത്തിലെ നാമങ്ങളെല്ലാം ഭഗവാന്റെ വിഭൂതികള്‍ ഉള്‍ക്കൊള്ളുന്നവയും മന്ത്രാക്ഷരബന്ധങ്ങളുമാണെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ട നാമങ്ങളില്‍ ഒന്നാണിത്. ഇതിനെക്കുറിച്ച് ആചാര്യന്മാര്‍ പറഞ്ഞതെല്ലാം സംഗ്രഹിക്കാന്‍ ശ്രമിച്ചാല്‍ ഒരു വലിയ ഗ്രന്ഥമാകും. അങ്ങനെയൊരു പരിശ്രമം നടത്താനുള്ള കാലവും കഴിവും എനിക്കില്ലാത്തതുകൊണ്ട് ചില അര്‍ത്ഥങ്ങള്‍ മാത്രമേ ഇവിടെ ചേര്‍ക്കുന്നുള്ളൂ. എന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തില്‍ കുറെക്കൂടി വിശദമായ വ്യാഖ്യാനം ഞാന്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാമത്തിന്റെ പാപാനാശകശക്തിയ്‌ക്ക് മുമ്പു ചര്‍ച്ചചെയ്തിട്ടുള്ള അജാമിളന്റെ കഥ ഉദാഹരണമാണ്. കാലദൂതന്മാരെ കണ്ടു ഭയന്ന് തന്റെ മകനെ ഉദേശിച്ചാണെങ്കിലും ‘നാരായണ’ എന്നുവിളിച്ച നിമിഷത്തില്‍ അജാമിളന്‍ മൃത്യുഭയത്തില്‍ നിന്നു രക്ഷപ്പെട്ടു. ഭഗവാന്റെ എല്ലാ നാമങ്ങള്‍ക്കും ഈ പാപനാശകശക്തിയുണ്ടെന്നതും ഓര്‍ക്കണം.
‘നാരായണഃ’ എന്ന പദത്തെ ‘നാര – അയന’ എന്ന പദഛേദം ചെയ്താണ് അധികം ആചാര്യന്മാരും ഈ പദത്തെ വ്യാഖ്യാനിക്കുന്നത്. നൂറോളം വ്യാഖ്യാനങ്ങള്‍ ഈ പദഛേദത്തെ ആധാരമാക്കി ആചാര്യന്മാര്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ചിലത് മാതൃകയ്‌ക്കായി ഇവിടെ ചേര്‍ക്കുന്നു. 1. നരനെ സംബനധിച്ചതു നാരം. അത് അയനമായവന്‍, അതിനെ പ്രാപിച്ചവന്‍, നരന്റെ സ്വഭാവം, കര്‍മം, ജ്ഞാനം എന്നിവ അവതാരങ്ങളില്‍ സ്വീകരിച്ചവന്‍. പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങള്‍ ഉദാഹരണം. 2. നാരം- ജീവസമൂഹം. അവയ്‌ക്ക് പ്രാപ്യസ്ഥാനമായവന്‍ നാരായണന്‍. 3. നാരം- ജലം. നരനായ ഭഗവാനില്‍നിന്ന് പ്രപഞ്ചോത്പത്തിക്കു കാരണമായ കാരണജലം ഉണ്ടായി. ആ കാരണ ജലത്തില്‍നിന്ന് എല്ലാ ജീവനും ഉണ്ടായി. കാരണജലത്തിനു അയനമാകയാല്‍ നാരായണന്‍. 4. നാരത്തെ- ജലത്തെ അയനസ്ഥാനമാക്കി അനന്തനാകുന്ന ശയ്യയില്‍ ശയിക്കുന്നതിനാല്‍ നാരായണന്‍. 5. നാരങ്ങള്‍- തത്ത്വങ്ങള്‍. തത്ത്വങ്ങളില്‍ വസിക്കുന്നതിനാല്‍ നാരായണന്‍. നാരം, അയനം എന്നീ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ നൂറോളം വ്യാഖ്യാനങ്ങളില്‍ ചിലതാണ് മേല്‍കൊടുത്തത്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















