ശ്ലോകം.101. ബന്ധഹീനോ ലോകബന്ധുഃ ബാലകൃഷ്ണഃസതാംഗതി:
ഭവ്യരാശിര്‍ ഭിഷഗ്വര്യഃ ഭാസുരോ ഭൂമിപാലകഃ
471. ബന്ധഹീന ഃ – ബന്ധങ്ങളില്ലാത്തവന്‍. ബന്ധനത്തിന് കെട്ടുപാട് എന്നര്‍ത്ഥം. മനുഷ്യന്‍ അനേകം ബന്ധങ്ങളുടെ കുരുക്കിലാണ്. പരമാത്മാവിന്റെ പ്രതിരൂപമെന്നു പറയാവുന്ന ജീവാത്മാവ് സ്വതന്ത്രനാണ്. പക്ഷേ ശരീരവുമായി അതിനുണ്ടാകുന്ന ബന്ധം മറ്റനേകം ബന്ധങ്ങളുടെ തുടക്കമാണ്. ശരീരത്തിനു കാരണഭൂതരാകുന്ന സ്ത്രീപുരുഷന്മാരുമായുണ്ടാകുന്ന മാതൃബന്ധവും പിതൃബന്ധവും തുടക്കം. അവരിരുവരുമായി ബന്ധപ്പെട്ടവരെല്ലാം ശിശുവിന്റെ ബന്ധുക്കളാകുന്നു. കുട്ടി വളരുന്നതോടൊപ്പം ബന്ധങ്ങളുടെ എണ്ണവും ദാര്‍ഢ്യവും കൂടുന്നു. സഹപാഠികള്‍, കളിക്കൂട്ടുകാര്‍, ആചാര്യര്‍, ഭാര്യ, മക്കള്‍, ജാതി സമൂഹം, ദേശം എന്നിങ്ങനെയുള്ള കെട്ടുകളില്‍പ്പെട്ട് എന്താണ്? എന്തിനാണ്? എന്നൊന്നും ചിന്തിക്കാതെ മഹാന്മാരായ തപസ്വികള്‍പോലും ബന്ധനസ്ഥരാകുന്നു. ഈ ബന്ധങ്ങളൊന്നും ഭഗവാനെ ബാധിക്കുന്നില്ല. ഭക്തവാത്സല്യം എന്നൊരു ബന്ധം ഭഗവാനുണ്ടെന്നു പറയാം.
472. ലോകബന്ധുഃ – ലോകങ്ങള്‍ക്കു ബന്ധു ആയവന്‍. ഭഗവാന്‍ ബന്ധങ്ങളില്ലാത്തവനാണെന്നു പറഞ്ഞു. ഈ നാമത്തില്‍ ബന്ധുവാണെന്നാണു പറയുന്നത്. സര്‍വകാരണവും സര്‍വാധാരവൃമായ ബ്രഹ്മചൈതന്യം പ്രപഞ്ചസൃഷ്ടിക്കായി രജോഗുണപ്രധാനനായ ബ്രഹ്മാവും സത്ത്വഗുണപ്രധാനനായ വിഷ്ണുവും തമോഗുണപ്രധാനനായ മഹേശ്വരനുമായി രൂപം പൂണ്ടു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍















