ന്യൂദല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ ഉക്രെയിനില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം ഇന്ത്യ തുടങ്ങി. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി 500 ട്രെയിന്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ബുധനാഴ്ച 500 ടിക്കറ്റുകള്‍ കൂടി ഇന്ത്യ ഏര്‍പ്പെടുത്തുന്നുണ്ട്.
ഉക്രെയിനില്‍ ഏതെങ്കിലും സ്ഥലത്ത് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോ പൗരന്മാരോ ഉണ്ടെങ്കില്‍ അവര്‍ എത്രയും വേഗം പ്രാദേശിക ഭരണകൂടത്തെ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉക്രെയ്ന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ത്യ നടത്തുന്നത്.
ഉക്രെയിനിലെ ലുഗാന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പഠനം നടത്തുന്നവരില്‍ ഏറെയും മലയാളി വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ നിന്നുള്ള 1200 വിദ്യാര്‍ത്ഥികളാണ് ഉക്രെയിനിലുള്ളത്. പെണ്‍കുട്ടികളാണ് ഇവരിലേറെ. രണ്ടാഴ്ച മുമ്പ് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റി അടച്ചു. ഒരാഴ്ച കഴിഞ്ഞ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം കാരണം കഴിഞ്ഞില്ല.
കലാപത്തെ തുടര്‍ന്ന് ഉക്രെയിനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
















