ന്യൂദല്‍ഹി: പാര്‍ട്ടിയിലെ ഉള്‍പ്പോരും പടലപ്പിണക്കങ്ങളും ആശയദാരിദ്ര്യവും മൂലം ആം ആദ്മി പാര്‍ട്ടി തകര്‍ച്ചയുടെ വക്കില്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്രയാദവും നവീന്‍ ജയ്ഹിന്ദും പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചത് ആം ആദ്മി പാര്‍ട്ടി അണികളെ നടുക്കി. ഇരുവരും പാര്‍ട്ടി വിടുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞുള്ള രാജിനാടകമെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. നേതാക്കളുടെ തുടര്‍ച്ചയായ രാജിയുടെ പശ്ചാത്തലത്തില്‍ 6,7 തീയതികളില്‍ നടക്കുന്ന എഎപി ദേശീയ നിര്‍വാഹക സമിതി യോഗം സംഘര്‍ഷമയമായി മാറിയേക്കും.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സെപ്തംബറിനകം നടക്കാനിരിക്കെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വങ്ങള്‍ പാര്‍ട്ടി വിട്ടുപോകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതു മറികടക്കുന്നതിനായി ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങള്‍ എഎപി വീണ്ടും സജീവമാക്കിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട എഎപിക്കാര് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദുമായും ദല്‍ഹി ഘടകം പ്രസിഡന്റ് അര്‍വിന്ദര്‍ സിങുമായും എഎപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.
തലസ്ഥാന നഗരിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയാണ് ഇരു പാര്‍ട്ടി നേതൃത്വവും. ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ വന്‍ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇരുപാര്‍ട്ടികള്‍ക്കും ഉറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 60ലധികം നിയോജകമണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു. അത്തരം സാഹചര്യം പരമാവധി ഒഴിവാക്കാനാണ് എഎപിയുടെ ശ്രമം. എന്നാല്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പുതിയ നിലപാടുകള്‍ ഇത്തരം നീക്കങ്ങളെ തകര്‍ക്കുന്നു.
അരവിന്ദ് കേജ്രിവാളിന്റെ ജയില്‍ നാടകവും ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും രാജിവെച്ചതും സൃഷ്ടിച്ച പ്രതിസന്ധി അണികളോട് വിശദീകരിക്കാനാവാതെ വിഷമിക്കുന്ന കേജ്രിവാളിനും സംഘത്തിനും യോഗേന്ദ്രയാദവിന്റെ പുതിയ നിലപാടും വലിയ തലവേദനയായി മാറിയിട്ടുണ്ട്. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ടില്ലെന്ന് യോഗേന്ദ്ര യാദവ് അറിയിച്ചിട്ടുണ്ട്. ജൂണ്‍ 6,7 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന എഎപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പുതിയ തലത്തിലെത്തിയേക്കാം.
പാര്‍ട്ടിപ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായാണ് യോഗേന്ദ്ര യാദവ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവില്‍നിന്ന് രാജിവെച്ച നവീന്‍ ജയ്ഹിന്ദ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. യോഗേന്ദ്ര യാദവും നവീന്‍ ജെയ്ഹിന്ദും ഇപ്പോഴും പാര്‍ട്ടിക്കൊപ്പമാണെന്നും ഇരുവരുടെയും രാജി ദേശീയഎക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടിനേതാവ് ദിലീപ് പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: