ടോട്ടനത്തിന്റെ ഇംഗ്ലീഷ് വിംഗര്‍ ആന്ദ്രോസ് ടൗണ്‍സെന്റിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മങ്ങല്‍. കാല്‍ക്കുഴക്കേറ്റ പരിക്കാണ് ടൗണ്‍സെന്റിന് വിനയായത്. ശനിയാഴ്ച സ്റ്റോക്ക് സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ടൗണ്‍സെന്റിന് പരിക്കേല്‍ക്കുകയായിരുന്നു. കളിതീരാന്‍ പന്ത്രണ്ട് മിനിറ്റ് അവശേഷിക്കെ കളത്തിലിറങ്ങിയ ടൗണ്‍സെന്റ് ഫൈനല്‍ വിസിലിനു മുന്‍പ് കരകയറി. തിങ്കളാഴ്ച താരത്തെ എംആര്‍ഐ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ മോണ്ടിനെഗ്രോയുമായുള്ള മത്സരത്തിലൂടെ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറിയ ടൗണ്‍സെന്റ് ശ്രദ്ധേയമായ പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. മോണ്ടിനെഗ്രോയ്‌ക്കെതിരെ ഗോളടിച്ച ടൗണ്‍സെന്റ്പോളണ്ടിനോടുള്ള ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ടോട്ടനത്തിനുവേണ്ടി സീസണില്‍ 33 മത്സരങ്ങളും ടൗണ്‍സെന്റ് കളിച്ചു. എന്നാല്‍ മാര്‍ച്ചിനുശേഷം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല.
















