കോട്ടയം: എല്ലാ ദിവസവും മനസാക്ഷിയോട് കണക്കു ബോധിപ്പിക്കാന്‍ പൊലിസുകാര്‍ക്ക് കഴിയണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. കേരള പൊലിസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പല പൊലിസ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം മറ്റു രാജ്യങ്ങളില്‍ പോലും മാതൃകയാകാന്‍ കഴിയുന്നു. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സേനയാണ് കേരള പൊലിസിന്റേത്. മുന്‍പുണ്ടായിരുന്ന പൊലീസ് സംവിധാനത്തില്‍ നിന്നും അത്ഭുതകരമായ മാറ്റമാണ് ഇന്നുണ്ടായിട്ടുള്ളത്.
പൊലിസിന്റെ അന്വേഷണത്തിലെ പിഴവുകള്‍ കോടതിവിധികളെ സ്വാധീനിക്കാന്‍ പാടില്ല. പിഴവില്ലാത്ത ഒരു അന്വേഷണവും ഉണ്ടാകില്ല. പിഴവുകള്‍ അന്വേഷണത്തെ സ്വാധീനിക്കപ്പെട്ടുവോ എന്നാണ് കോടതികള്‍ പരിശോധിക്കേണ്ടതെന്നും കെ.ടി.തോമസ് ചൂണ്ടിക്കാട്ടി. തൃശൂര്‍ റേഞ്ച് ഐജിപി എസ്.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മാത്യു പി.പോള്‍ അധ്യക്ഷത വഹിച്ചു. പ്രസ് അക്കാദമി മെമ്പര്‍ ചെറുകര സണ്ണി ലൂക്കോസ്, ജില്ലാ പൊലിസ് മേധാവി എം.പി.ദിനേശ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് പി.ഡി.ഉണ്ണി, സെക്രട്ടറി ജി.ആര്‍.അജിത് എന്നിവര്‍ സംസാരിച്ചു.
















