ന്യൂദല്‍ഹി: സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. പക്ഷേ ഇത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. മൂന്നാം യുപിഎ സര്‍ക്കാര്‍ അസാദ്ധ്യമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മാ പുരസ്‌ക്കാര ചടങ്ങിനിടെ സഹോദരന്‍ ദല്‍ജിത് സിംഗ് കോഹ് ലി ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി തന്റെ ദുഖം പ്രകടിപ്പിച്ചത്. സഹോദരന്റെ തീരുമാനത്തില്‍ തനിക്ക് വളരെയധികം നിരാശയുണ്ടെന്നും അവരെല്ലാം പ്രായ പൂര്‍ത്തിയായതിനാല്‍ തന്നെ തനിക്ക് അവരുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ ദല്‍ജിത് സിംഗ് കോഹ്‌ലിയായിരുന്നു കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോദിയുടെ അമൃത്‌സര്‍ റാലിയിലായിരുന്നു ഈ പ്രഖ്യാപനം. തന്റെ സഹോദരനെ പാര്‍ട്ടി അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് ദല്‍ജിത് വ്യക്തമാക്കിയിരുന്നു.
അമൃത്‌സറില്‍ സ്ഥിരതാമസക്കാരനായ ദല്‍ജീത് സിംഗ് ഓട്ടോമൊബൈല്‍ വ്യവസായി ആണ്. രാജ്യത്ത് മോദി തരംഗമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
















