അബുദാബി: ഐപിഎല്‍ കഴിഞ്ഞ സീസണിലെ ലേലച്ചന്തയില്‍ ഏറ്റവും മുന്തിയ വിലയ്‌ക്കു വിറ്റുപോയ താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ മൂല്യത്തിനൊത്ത ബാറ്റിങ് പുറത്തെടുക്കാന്‍ അക്കുറി ആ ഓസ്‌ട്രേലിയക്കാരനായില്ല. പക്ഷേ, ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ബാറ്റേന്തുന്ന മാക്‌സ്‌വെല്‍ രണ്ടുംകല്‍പ്പിച്ചു തന്നെയാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുഡ് ഫ്രൈഡേ ദിനത്തില്‍ അരങ്ങേറിയ ആദ്യ മത്സരം അതിലേക്കു വിരല്‍ചൂണ്ടുന്നു. കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്ത പഞ്ചാബിപ്പട ആറു വിക്കറ്റിന്റെ ഉശിരന്‍ ജയം സ്വന്തമാക്കിയപ്പോള്‍ 43 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടിയ മാക്‌സവെല്ലിനത് പുനര്‍ജനിയായി. ഡേവിഡ് മില്ലറുടെ (37 പന്തില്‍ 54 നോട്ടൗട്ട്) കത്തിക്കയറലും കിങ്‌സ് ഇലവനെ തുണച്ചു. ആദ്യം ബാറ്റ് ചെയത് സൂപ്പര്‍ കിങ്‌സ് പുത്തന്‍ ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്ത് (43 പന്തില്‍ 66, ആറ് ബൗണ്ടറി, മൂന്ന് സിക്‌സ്), ബ്രണ്ടന്‍ മക്കല്ലം (45 പന്തില്‍ 67, നാല് ബൗണ്ടറി, അഞ്ച് സിക്‌സ്)എന്നിവരുടെ സ്‌ഫോടനാത്മക ബാറ്റിങ്ങിന്റെ ബലത്തില്‍ വാരിയത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ്. നായകന്‍ എം.എസ്. ധോണിയും (26) മുന്‍ ചാമ്പ്യന്‍മാരുടെ സ്‌കോറിങ്ങിന് കുതിപ്പേകി.
പഞ്ചാബിനുവേണ്ടി ലക്ഷ്മിപതി ബാലാജി രണ്ടു വിക്കറ്റുകള്‍ നേടി. കിങ്‌സ് ഇലവന്റെ തുടക്കം താളം തെറ്റിയതായിരുന്നു. ചേതേശ്വര്‍ പൂജാര (13), വീരേന്ദര്‍ സെവാഗ് (19), അക്ഷര്‍ പട്ടേല്‍ (2) തുടങ്ങിയ ദേശീ ബോയ്‌സൊന്നും പച്ചതൊട്ടില്ല. എന്നാല്‍ മാക്‌സ്‌വെല്ലും മില്ലറും ചേര്‍ന്നതോടെ ചെന്നൈ കളി കൈവിട്ടു. മാക്‌സ്‌വെല്ലിന്റെ സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും സ്വിച്ച് ഹിറ്റുകളും ചെന്നൈ ബൗളര്‍മാരെ ഹതാശരാക്കി. നന്നായി ടൈം ചെയ്ത മാക്‌സ്‌വെല്‍ ഡ്രൈവുകളിലൂടെയും റണ്‍മഴ സൃഷ്ടിച്ചു.
13-ാം ഓവറില്‍ സ്പിന്നര്‍ പവന്‍ നെഗിയെ മാക്‌സ്‌വെല്‍ 22 റണ്‍സിനു ശിക്ഷിച്ചപ്പോള്‍ കളിയുടെ ജാതകം മാറി. 15 തവണ പന്ത് അര്‍ത്തികടത്തുകയും രണ്ടു തവണ ഗ്യാലറിയിലെത്തിക്കുകയും ചെയ്ത മാക്‌സ്‌വെല്ലിനെ സ്മിത്ത് ബൗള്‍ഡാക്കിയെങ്കിലും രവീന്ദ്ര ജഡേജയെ തുടര്‍ സിക്‌സറുകള്‍ക്കു പറത്തി ടോപ് ഗിയറിലെത്തിയ മില്ലര്‍ 18.5 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ജോര്‍ജ് ബെയ്‌ലി (17നോട്ടൗട്ട്) മില്ലര്‍ക്ക് കൂട്ടായുണ്ടായിരുന്നു.
















