റോം: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിലും മികച്ച വിജയം കരസ്ഥമാക്കി കരുത്തരായ ജുവന്റസ്, സെവിയ, വലന്‍സിയ, ബെനഫിക്ക എന്നീ ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ബെനഫിക്ക അല്കമാറിനെയും ജുവന്റസ് ഒളിമ്പിക് ലിയോണിനെയും വലന്‍സിയ ബാസലിനെയും സെവിയ എഫ്സി പോര്ട്ടോയെയുമാണ് കീഴടക്കിയത്.
ലിയോണിനെതിരെ ജുവന്റസിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റാലിയന്‍ ക്ലബിന്റെ വിജയം. ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച ജുവന്റസ് രണ്ടാം പാദത്തിലും വിജയിച്ചതോടെ ഇരുപാദങ്ങളിലുമായി 3-1ന്റെ വിജയവുമായാണ് സെമിയിലേക്ക് കുതിച്ചത്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച പോരാട്ടത്തിന്റെ നാലാം മിനിറ്റില്‍ ജുവന്റസ് ലീഡ് നേടി. സൂപ്പര്‍താരം ആന്ദ്രെ പിര്‍ലോയാണ് ഇറ്റാലിയന്‍ വമ്പന്മാരെ മുന്നിലെത്തിച്ചത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ലിയോണ്‍ 14 മിനിറ്റിനുശേഷം സമനില പിടിച്ചു. ജിമ്മി ബ്രിയാന്ഡാണ് ലിയോണിന്റെ സമനില ഗോള്‍ നേടിയത്. പിന്നീട് ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് നേടാന്‍ കഴിഞ്ഞില്ല.
എന്നാല്‍ മത്സരത്തിന്റെ 68-ാം മിനിറ്റില്‍ ജുവന്റസ് ഒരു സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി. മൗറീഷ്യയോ ഇസ്ലോയുടെ പാസില്‍ നിന്ന് ക്ലോഡിയോ മാര്‍ച്ചിസിയോ ബോക്സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ട് ലിയോണ്‍ താരം സാമുവല്‍ ഉംറ്റിടിയുടെ ദേഹത്ത് തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. പിന്നീട് അവസാന മിനിറ്റുകളില്‍ സമനിലക്കായി ലിയോണ്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് എഫ്സി പോര്‍ട്ടോയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സെവിയ സെമിയിലേക്ക് കുതിച്ചത്. ആദ്യപാദത്തില്‍ സെവിയ 1-0ന് പരാജയപ്പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ സമാപിച്ച പോരാട്ടത്തില്‍ അവസാന 36 മിനിറ്റ് പത്തുപേരുമായി കളിച്ചാണ് സെവിയ തകര്‍പ്പന്‍ വിജയവും സെമിബര്‍ത്തും ഉറപ്പിച്ചത്. 54-ാം മിനിറ്റില്‍ അനുജാര് മൊറേനേയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ റാക്കിറ്റിക് പെനാല്‍റ്റിയിലൂടെയാണ് സെവിയയെ മുന്നിലെത്തിച്ചത്. പിന്നീട് 26-ാം മിനിറ്റില്‍ മാക്കിന് പെരസിലൂടെ സെവിയ ലീഡ് ഉയര്‍ത്തി. മൂന്നുമിനിറ്റിനുശേഷം കാര്‍ലോസ് ബാക്കയിലൂടെ സെവിയ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യപകുതി അവസാനിക്കുമ്പോള്‍ സ്പാനിഷ് ക്ലബ് 3-0ന് മുന്നിട്ടുനിന്നു. പിന്നീട് ഗമെയ്റോയിലൂടെ വലന്‍സിയ നാലാം ഗോളും നേടി. പോര്‍ട്ടോയുടെ ആശ്വാസഗോള്‍ നേടിയത് മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് റിക്കാര്‍ഡോ ഖുറൈയ്സ്മയാണ്.
ബാസലിനെതിരായ പോരാട്ടത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് വലന്‍സിയ സെമിയില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നിരുന്ന വലന്‍സിയ സ്വന്തം മണ്ണിലെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് സ്വിസ് ക്ലബായ ബാസലിനെ കീഴടക്കി സെമിബെര്‍ത്ത് സ്വന്തമാക്കിയത്. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വലന്‍സിയയുടെ തേരോട്ടം. നിശ്ചിത സമയത്ത് വലന്‍സിയ 3-0ന് മുന്നിലെത്തിയതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയിലായി. തുടര്‍ന്നാണ് പോരാട്ടം അധിക സമയത്തേക്ക് നീണ്ടത്. അധിസമയത്ത് ബാസലിന്റെ മൗറോ ഡയസും ഗാറ്റ്സണ്‍ സുരോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഒമ്പത് പേരുമായി കളിച്ചുകൊണ്ടിരിക്കെയാണ് ബാസല്‍ രണ്ട് ഗോളുകള്‍ കൂടി വഴങ്ങിയത്. മത്സരത്തിലുടനീളം ഒരിക്കല്‍ പോലും വലന്‍സിയ ഗോളിയെ പരീക്ഷിക്കാന്‍ ബാസല്‍ താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. ഫ്രാന്‍സിസ്കൊ ഗാര്‍ഷ്യയുടെ ഹാട്രിക്കാണ് വലന്‍സിയക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 38, 70, 113 മിനിറ്റുകളിലാണ് ഗാര്‍ഷ്യ ബാസല്‍ വല കുലുക്കിയത്. 42-ാം മിനിറ്റില്‍ വര്‍ഗാസും 118-ാം മിനിറ്റില്‍ ബര്നറ്റും ഗോളുകള്‍ നേടിയതോടെ വലന്‍സിയയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്ക മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡച്ച് ടീം അല്‍കമാറിനെ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചത്. ആദ്യപാദത്തില്‍ 1-0ന് വിജയിച്ച ബെനഫിക്ക ഇരുപാദങ്ങളിലുമായി 3-0ന്റെ വിജയവുമായാണ് സെമിയിലെത്തിയത്. രണ്ടാം പാദത്തില്‍ 39, 71 മിനിറ്റുകളില്‍ റോഡ്രിഗോയാണ് ബെനഫിക്കയുടെ ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: