റോം: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ജുവന്റസ്, പോര്‍ട്ടോ, ബെനഫിക്ക, ബാസല്‍ എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ സ്പാനിഷ് കരുത്തരായ വലന്‍സിയ ദയനീയമായി പരാജയപ്പെട്ടു.
സീരി എ കരുത്തരായ ജുവന്റസ് ഫ്രഞ്ച് ടീമായ ലിയോണിനെയും പോര്‍ട്ടോ സെവിയയെയും ബെനഫിക്ക അല്‍കമാറിനെയും പരാജയപ്പെടുത്തിയപ്പോള്‍ വലന്‍സിയ ബാസലിനോടാണ് തകര്‍ന്നത്.
ലിയോണിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജുവന്റസ് 1-0നാണ് വിജയം സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 85-ാം മിനിറ്റില്‍ ലിയനാര്‍ഡോ ബൊനൂച്ചിയാണ് എവേ മത്സരത്തില്‍ ജുവന്റസിന്റെ വിജയഗോള്‍ നേടിയത്.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഇലാക്വിം മഗാല നേടിയ ഏക ഗോളിനാണ് എഫ്സി പോര്‍ട്ടോ സ്പാനിഷ് ടീം സെവിയയെ മറികടന്നത്. എന്നാല്‍ 86-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ ഫെര്‍ണാണ്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് മത്സരത്തില്‍ അവര്‍ക്ക് തിരിച്ചടിയായി.
മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ എഫ്സി ബാസല്‍ വലന്‍സിയയെ കീഴടക്കിയത്. ഡെല്‍ഗാഡോയുടെ ഇരട്ട ഗോളുകളാണ് ബാസലിന് ഗംഭീര വിജയം സമ്മാനിച്ചത്. 34, 38 മിനിറ്റുകളിലാണ് ഡെല്‍ഗാഡോ വലന്‍സിയ വല കുലുക്കിയത്. പിന്നീട് മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് സ്റ്റോക്കറും ലക്ഷ്യം കണ്ടതോടെ ബാസലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധമില്ലാതെ കളിച്ചതാണ് വലന്‍സിയക്ക് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലേ വന്‍സിയക്ക് സെമിയിയില്‍ കടക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിദൂരവുമാണ്.
കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പായ ബെനഫിക്ക എവേ മത്സരത്തില്‍ 1-0നാണ് അല്‍കമാറിനെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 48-ാം മിനിറ്റില്‍ സാല്‍വിയോയാണ് ബെനഫിക്കയുടെ വിജയഗോള്‍ നേടിയത്. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ 10ന് നടക്കും.
















