മാഡ്രിഡ്: ലാ ലിഗയില്‍ മുന്‍നിര ടീമുകള്‍ക്ക് വിജയം. ശനിയാഴ്ച രാത്രി നടന്ന പോരാട്ടങ്ങളില്‍ അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണ, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ വിജയം നേടിയതോടെ കിരീട പോരാട്ടം കനത്തു.
തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം കളിക്കളത്തിലിറങ്ങിയ റയല്‍ മാഡ്രിഡ് മിന്നുന്ന വിജയമാണ് നേടിയത്. റയോ വയ്യക്കാനോക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നാലാം സ്ഥാനത്തുള്ള അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണ 1-0ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി.
31 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 76 പോയിന്റുമായാണ് അത്ലറ്റികോ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 75 പോയന്റുമായി ബാഴ്സ രണ്ടാമതും 73 പോയന്റുമായി റയല്‍ മൂന്നാമതുമാണ്.
സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന കളിയില്‍ ഗരെത്ത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളാണ് റയലിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ബെയ്‌ലിന് പുറമെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഡാനിയേല്‍ കര്‍വാജെലും മൊറാട്ടയും റയലിന് ഗോള്‍ നേടി. 15-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയലൂടെയാണ് റയല്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി.
മത്സരത്തിന്റെ 55-ാം മിനിറ്റില്‍ ഡാനിയേല്‍ കര്‍വാജെലും 68, 70 മിനിറ്റുകളില്‍ ബെയ്‌ലും 78-ാം മിനിറ്റില്‍ മൊറാട്ടയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
എസ്പാനിയോളിനെതിരായ എവേ മത്സരത്തില്‍ സൂപ്പര്‍താരനിരയുമായി ഇറങ്ങിയ ബാഴ്സലോണക്ക് ആദ്യ പകുതിയില്‍ എതിര്‍ വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മത്സരത്തിന്റെ 77-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ബാഴ്സ വിജയം നേടിയത്. കിക്കെടുത്ത മെസ്സി പിഴവുകൂടാതെ പന്ത് എസ്പാനിയോള്‍ വലയില്‍ പന്തെത്തിച്ചു. 83-ാം മിനിറ്റില്‍ എസ്പാനിയോള്‍ ഗോളി കാസിലാ കോര്‍ട്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
വാശിയേറിയ മത്സരത്തിനൊടുവിലാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനക്കാരായ അത്ലറ്റിക് ബില്‍ബാവോക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് അത്ലറ്റികോ മത്സരം വിജയിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയും 55-ാം മിനിറ്റില്‍ കോകെയും അത്ലറ്റികോക്കായി വല കുലുക്കി. ആറാം മിനിറ്റില്‍ സ്പാനിഷ് താരം ഇകര്‍ മുനിയെയ്നാണ് അത്ലറ്റിക് ബില്‍ബോയുടെ ഗോള്‍ നേടിയത്.
















