ചിറ്റഗോംഗ്: നെതര്‍ലന്റ്സിനെ ആറ് വിക്കറ്റിന് കീഴടക്കി ന്യൂസിലാന്റ് ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്റ്സ് നാല് വിക്കറ്റിന് 151 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന മക്കല്ലത്തിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തില്‍ ഒരു ഒാവര്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. പിന്തുടര്‍ന്ന് ജയിക്കുന്ന ന്യൂസിലാന്റിന്റെ ഏറ്റവും മികച്ച സ്കോറാണിത്. അന്തരാഷ്‌ട്ര ട്വന്റി 20യുടെ ചരിത്രത്തില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഈ മത്സരത്തില്‍ മക്കല്ലത്തിന് സ്വന്തമായി. 67 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും 13 അര്‍ദ്ധസെഞ്ച്വറികളുമടക്കം 2044 റണ്‍സാണ് മക്കല്ലത്തിന്റെ സമ്പാദ്യം. 45 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ മക്കല്ലമാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട നെതര്‍ലന്റ്സ് പീറ്റര്‍ ബൊറന്റെയും (49) ടോം കൂപ്പറുടെയും (40 നോട്ടൗട്ട്) കരുത്തിലാണ് 151 റണ്‍സ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍മാരായ മൈബര്‍ഗും (16) സ്വാര്‍ട്ടും (26) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നെതര്‍ലന്റ്സിന് നല്‍കിയത്. സ്കോര്‍ 34 റണ്‍സിലെത്തിയപ്പോള്‍ മൈബര്‍ഗിനെ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ച് ബൗള്‍ട്ടാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് സ്കോര്‍ 42-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ബരേസിയെ മക്ലെനാഹന്റെ പന്തില്‍ റോഞ്ചി പിടികൂടി. സ്കോര്‍ 81-ല്‍ എത്തിയപ്പോള്‍ 26 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത സ്വാര്‍ട്ടിനെ നഥാന്‍ മക്കല്ലത്തിന്റെ പന്തില്‍ റോഞ്ചി സ്റ്റാമ്പ് ചെയ്തു. തുടര്‍ന്ന് മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പീറ്റര്‍ ബൊറനും ടോം കൂപ്പറുമാണ് നെതര്‍ലന്റ്സിന്റെ സ്കോര്‍ 150 കടത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 35 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്സറുമടക്കം 49 റണ്‍സെടുത്ത ബൊറനെ കീന്‍ മില്‍സാണ് പുറത്താക്കിയത്. 23 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്സറുമടക്കം 40 റണ്‍സുമായി കൂപ്പറും ഒരു റണ്‍സെടുത്ത് ബെന്‍ കൂപ്പറും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് സ്കോര്‍ 14 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 9 റണ്‍സെടുത്ത ഗുപ്റ്റിലിനെ വാന്‍ഡര്‍ ഗട്ടന്റെ പന്തില്‍ ബരേസി പിടികൂടി. രണ്ടാം വിക്കറ്റില്‍ വില്ല്യംസണും മക്കല്ലവും ചേര്‍ന്ന് സ്കോര്‍ 56-ല്‍ എത്തിച്ചു. 29 റണ്‍സെടുത്ത വില്ല്യംസണെ വാന്‍ ബീക്ക് ബരേസിയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീടെത്തിയ റോസ് ടെയ്‌ലര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. 18 റണ്‍സെടുത്ത ടെയ്‌ലറെ വാന്‍ഡര്‍ ഗട്ടന്റെ പന്തില്‍ ബരേസി പിടികൂടി. പിന്നീട് മക്കല്ലവും കോറി ആന്‍ഡേഴ്സണും ചേര്‍ന്ന് സ്കോര്‍ 134-ല്‍ എത്തിച്ചു. ഇതിനിടെ മക്കല്ലം അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. 39 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കമാണ് മക്കല്ലം 50ലെത്തിയത്. ഒടുവില്‍ 65 റണ്‍സെടുത്ത മക്കല്ലത്തെ വാന്‍ഡര്‍ ഗട്ടന്‍ മുദസ്സര്‍ ബുഖാരിയുടെ കൈകളിലെത്തിച്ചപ്പോഴേക്കും കിവീസ് വിജയത്തിനടുത്തെത്തിയിരുന്നു.
പിന്നീട് ആന്‍ഡേഴ്സണും (20 നോട്ടൗട്ട്), നീഷാമും (7 നോട്ടൗട്ട്) ചേര്‍ന്ന് ഒരു ഓവര്‍ ബാക്കിനില്‍ക്കേ ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിച്ചു. നെതര്‍ലന്റ്സിന് വേണ്ടി വാന്‍ ഡര്‍ ഗട്ടന്‍ നാല് ഓവറില്‍30 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്‌ത്തി.
നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ന്യൂസിലാന്റ് ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ന്യൂസിലാന്റിന് സെമിയില്‍ പ്രവേശിക്കാം.
















