മാന്‍സിസ്ക് (റഷ്യ): ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് നോര്‍വേയുടെ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണുമായി ഏറ്റുമുട്ടും. കാന്‍ഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായാണ് മുന്‍ ലോക ചാമ്പ്യനായ ആനന്ദ് കാള്‍സനെ നേരിടാനുള്ള യോഗ്യത നേടിയത്. 13-ാം റൗണ്ടില്‍ ഉക്രെയിന്‍ താരം സെര്‍ജി കര്‍ജാകിനെ സമനിലയില്‍ തളച്ച് ഒരു റൗണ്ട് ബാക്കിനില്‍ക്കേയാണ് ഒന്നര പോയന്റിന്റെ ലീഡുമായാണ് ആനന്ദ് കാള്‍സനെതിരെ പോരാടാന്‍ യോഗ്യത നേടിയത്. ആനന്ദ് എട്ട് പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ദിമിത്ര ആന്‍ഡ്രെയ്‌കിന് 6.5 പോയിന്റാണുള്ളത്. 91 നീക്കങ്ങള്‍ നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. നവംബര്‍ 5 മുതല്‍ 25 വരെയാണ് ലോക ചാമ്പ്യന്‍പട്ടത്തിനുള്ള പോരാട്ടം. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഫൈനലില്‍ കാള്‍സനോടാണ് ആനന്ദ് പരാജയപ്പെട്ടത്.
മറ്റൊരു മത്സരത്തില്‍ ലെവോണ്‍ അരോണിയനെ ദിമിത്രി ആന്‍ഡ്രെയ്‌കിന്‍ പരാജയപ്പെടുത്തിയെങ്കിലും 6.5 പോയിന്റാണുള്ളത്. മറ്റ് മത്സരങ്ങളില്‍ വ്ലാഡിമിര്‍ ക്രാംനിക്ക് വസലിന്‍ ടൊപലോവിനെ പരാജയപ്പെടുത്തിയപ്പോള്‍ പീറ്റര്‍ സ്വിഡ്ലറും ഷഖരിയാര്‍ മമെദ്യാറോവും തമ്മിലും സമനിലയില്‍ പിരിഞ്ഞു.
















