മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മൂന്നുദിവസത്തിനിടെ റയല്‍ മാഡ്രിഡിന് രണ്ടാം തോല്‍വി. കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സലോണയോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട റയല്‍ മാഡ്രിഡ് ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ റയല്‍ മാഡ്രിഡ് കിരീടപോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റ് മത്സരങ്ങളില്‍ വിജയിച്ച അത്ലറ്റികോയും ബാഴ്സലോണയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബുധനാഴ്ച നടന്ന മത്സരത്തില്‍ അത്ലറ്റികോ 1-0ന് ഗ്രനാഡയെയും ബാഴ്സലോണ 3-0ന് സെല്‍റ്റ ഡി വീഗോയെയുമാണ് കീഴടക്കിയത്. 30 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ 73 പോയിന്റുമായാണ് അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 72 പോയിന്റുമായാണ് റയലിനെ പിന്തള്ളി ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. റയലിന് 70 പോയിന്റാണുള്ളത്.
സെവിയക്കെതിരായ പോരാട്ടത്തില്‍ പന്ത് കൂടുതല്‍ കൈവശംവച്ചതും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും റയലായിരുന്നു. മൊത്തം 26 ഷോട്ടുകളുതിര്‍ത്തതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ സെവിയ ഗോളിയുടെ ഉജ്ജ്വല പ്രടകനത്തിന് മുന്നില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം വിഫലമായി.
അതേസമയം സെവിയ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തത്. അതില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു. തുടക്കം മുതല്‍ തന്നെ റയലിന്റെ മുന്നേറ്റമായിരുന്നു. മൂന്നാം മിനിറ്റില്‍ ഗരെത്ത് ബെയ്‌ലിന്റെ ശ്രമം നേരിയ വ്യത്യാസത്തിന് പുറത്തുപോയപ്പോള്‍ ആറാം മിനിറ്റില്‍ ബെന്‍സേമക്ക് ലഭിച്ച അവസരം സെവിയ ഗോളി രക്ഷപ്പെടുത്തി. 14-ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. ബോക്സിന് പുറത്തുവച്ച് ലഭിച്ച ഫ്രീകിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലെത്തിച്ചു. എന്നാല്‍ 19-ാം മിനിറ്റില്‍ സെവിയ സമനിലപിടിച്ചു. കാര്‍ലോസ് ബക്കായുടെ ഷോട്ടാണ് റയല്‍ ഗോളി ലോപ്പസിനെ കടന്ന് വലയില്‍ പതിച്ചത്. തുടര്‍ന്നും റയല്‍ നിരവധി തവണ എതിര്‍ഗോള്‍മുഖത്ത് പന്തെത്തിച്ചെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മത്സരത്തിന്റെ 72-ാം മിനിറ്റില്‍ കാര്‍ലോസ് ബാക്ക ഒരിക്കല്‍ കൂടി റയല്‍ വലയില്‍ പന്തെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ യുവ സൂപ്പര്‍താരം നെയ്‌മറും (2ാമെസ്സി (1)യും നേടിയ ഗോളുകളുടെ കരുത്തിലാണ് ബാഴ്സ സെല്‍റ്റയെ കീഴടക്കിയത്. നൗകാമ്പില്‍ നടന്ന പോരാട്ടത്തില്‍ 6, 67 മിനിറ്റുകളിലാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ ബാഴ്സക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 30-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍.
ഗ്രനാഡക്കെതിരായ മത്സരത്തില്‍ ഡീഗോ കോസ്റ്റ 63-ാം മിനിറ്റില്‍ നേടിയ ഗോളാണ് അത്ലറ്റികോയെ വിജയത്തിലേക്ക് നയിച്ചത്. മറ്റൊരു മത്സരത്തില്‍ റയോ വയ്യക്കാനോ 1-0ന് ഒസാസുനയെ കീഴടക്കി.
















