ചെന്നൈ: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സുപ്രീം കോടതി നിര്‍ദേശത്തോട് എന്‍. ശ്രീനിവാസന്‍ മൗനം തുടരുന്നു. ബുധനാഴ്ച തിമിര ശസ്ത്രക്രിയക്ക് വിധേയനായ ശ്രീനിവാസന്‍ സ്വവസതിയില്‍ വിശ്രമത്തിലാണ്. കോടതി നിര്‍ദേശത്തെപ്പറ്റി കാര്യമായ പ്രതികരണങ്ങളൊന്നും അദ്ദേഹം നടത്തിയിട്ടില്ല.
ഐപിഎല്‍ കോഴക്കേസില്‍ അന്വേഷണം സുതാര്യമാകാന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് പദം ഒഴിയണമെന്നും അതല്ലെങ്കില്‍ പുറത്താക്കുമെന്നും ചൊവ്വാഴ്‌ച്ചയാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഒത്തുകളിക്കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ വ്യാഴാഴ്ചയും കോടതി വാദം തുടരും. അതിനാല്‍ത്തന്നെ തത്കാലം രാജിവയ്‌ക്കേണ്ടെന്നാണ് ശ്രീനിവാസന്റെ തീരുമാനമെന്നറിയുന്നു.
നിയമോപദേഷ്ടാവ് പി.സ്. രാമന്‍ ഇന്നലെ ശ്രീനിവാസന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ രാജിവയ്‌ക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ രാമന്‍ തയ്യാറായില്ല. ശ്രീനിവാസന്റെ ആരോഗ്യവിവരം അറിയാനാണ് സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ യുഎഇയിലുള്ള ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. പട്ടേലുമായി കൂടിയാലോചിച്ചശേഷമായിരിക്കും ഭാവി പരിപാടികളെപ്പറ്റി ശ്രീനിവാസന്‍ തീരുമാനമെടുക്കുക. അതേസമയം, ശ്രീനിവാസന്‍ സ്ഥാനം ഒഴിയുകയാണെങ്കില്‍ മുന്‍ സ്പിന്നറും ബിസിസിഐ വൈസ് പ്രസിഡന്റുമായ ശിവ്ലാല്‍ യാദവ് പിന്‍ഗാമിയാവാന്‍ സാധ്യത തെളിയും.
ബിസിസിഐ പ്രസിഡന്റ് പദവിയില്‍ ദക്ഷിണ മേഖലയ്‌ക്ക് അനുവദിച്ചിട്ടുള്ള കാലയളവില്‍ ഇനി ഒരു വര്‍ഷമാണ് അവശേഷിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ്, ആന്ധ്രാ പ്രദേശ്, കേരളം, ഗോവ എന്നീ ആറു ഘടകങ്ങളും ഒരുമിച്ചു നിന്നാല്‍ ശിവ്ലാലിന് വഴിതെളിയുമെന്നതില്‍ സംശയമില്ല. ഹൈദരാബാദിന്റെ പ്രതിനിധിയായ ശിവ്ലാല്‍ യാദവിന് ബിസിസിഐ മാനദണ്ഡപ്രകാരമുള്ള എല്ലാ യോഗ്യതകളുമുണ്ട്.
ശ്രീനിവാസന്റെ വിധേയന്‍ കൂടിയാണ് ശിവ്ലാല്‍. കൂടാതെ ബിസിസിഐയില്‍ അദ്ദേഹത്തിനുള്ള പിന്തുണയും കുറവല്ല. വിമാനയാത്ര ഭയമുള്ള ശിവലാലിന് ഐസിസി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്നതു മാത്രമാണ് വിമര്‍ശകരുടെ പ്രധാന ചോദ്യം.
















