മിര്‍പൂര്‍: ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസിന് വിജയം. ഇന്നലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെയാണ് വിന്‍ഡീസ് 73 റണ്‍സിന് തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് സ്മിത്തിന്റെയും (43 പന്തില്‍ 72), ഗെയിലിന്റെയും (48) കരുത്തില്‍ 7 വിക്കറ്റിന് 171 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 19.1 ഓവറില്‍ 98 റണ്‍സിന് ഓള്‍ഔട്ടായി. ആതിഥേയനിരയില്‍ ഒരാള്‍ക്കുപോലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 22 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമാണ് ടോപ് സ്കോറര്‍. ബദ്‌രിയുടെയും (4 വിക്കറ്റ്), നരേയ്ന്റെയും (2) മികച്ച ബൗളിംഗാണ് ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും ക്രിസ് ഗെയിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 97 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ക്രിസ് ഗെയില്‍ വിക്കറ്റ് പോകാതെ സൂക്ഷിച്ച് കളിച്ചപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്മിത്ത് ഏറ്റെടുത്തു. 43 പന്തില്‍ നിന്ന് 10 ബൗണ്ടറിയും മൂന്നു സിക്സറുമടക്കം 72 റണ്‍സെടുത്ത സ്മിത്താണ് ആദ്യം മടങ്ങിയത്. തുടര്‍ന്നെത്തിയ സിമണ്‍സ് റണ്ണൊന്നുമെടുക്കാതെ മടങ്ങി.
പിന്നീട് ഗെയിലും സാമുവല്‍സും ചേര്‍ന്ന് സ്കോര്‍ 151-ല്‍ എത്തിച്ചു. 48 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഗെയിലിനെ സിയാവുര്‍ റഹ്മാന്‍ തമിം ഇഖ്ബാലിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയര്‍ ഫോമിലേക്കുയര്‍ന്നില്ല. അമിന്‍ ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 16 റണ്‍സിലെത്തിയപ്പോഴക്കും തമിം ഇഖ്ബാല്‍ (5), അനമുള്‍ ഹഖ് (10), ഷക്കിബ് അല്‍ ഹസ്സന്‍ (0) എന്നിവരെ നഷ്ടമായി. പിന്നീട് സ്കോര്‍ 51-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത മൊനിമുള്‍ ഹഖും 57-ല്‍ നില്‍ക്കേ ഒരു റണ്‍സെടുത്ത സാബിര്‍ റഹ്മാനും 58-ല്‍ എത്തിയപ്പോള്‍ മുഷ്ഫിഖര്‍ റഹിമും മടങ്ങി. പിന്നീടുവന്നവര്‍ യാതൊരു സംഭാവനയും നല്‍കാതെ കൂടാരം കയറിയപ്പോള്‍ ബംഗ്ലാദേശ് പരാജയം രുചിച്ചു.
















