ചിറ്റഗോംഗ്: ട്വന്റി 20 ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ ന്യൂസിലാന്റിനെ കീഴടക്കി ദക്ഷിണാഫ്രിക്ക് രണ്ട് റണ്‍സിന്റെ വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സായിരുന്നു ന്യൂസിലാന്റിന് വേണ്ടിയിരുന്നത്. റോസ് ടെയ്‌ലറും റോഞ്ചിയും ക്രീസില്‍ നില്‍ക്കെ അത് അപ്രാപ്യവുമല്ലായിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ സ്റ്റെയിന്‍ കാര്യങ്ങള്‍ തകിടം മറിച്ചു. ആദ്യ പന്തില്‍ റോഞ്ചി പുറത്ത്. രണ്ടും മൂന്നും പന്തുകളില്‍ റണ്ണെടുക്കാന്‍ റോഞ്ചിക്ക് പകരം ക്രീസിലെത്തിയ നഥാന്‍ മക്കല്ലത്തിന് കഴിഞ്ഞില്ല. നാലാം പന്ത് മക്കല്ലം ബൗണ്ടറി കടത്തിയെങ്കിലും അഞ്ചാം പന്തില്‍ മക്കല്ലത്തെയും സ്റ്റെയിന്‍ മടക്കി. ഇതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നു ന്യൂസിലാന്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ റോസ് ടെയ്‌ലറെ സ്റ്റെയിന്‍ റണ്ണൗട്ടാക്കിയതോടെ ന്യൂസിലാന്റിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമെന്ന സ്വപ്നം പൊലിഞ്ഞു. ദക്ഷിണാഫ്രിക്കക്ക് രണ്ട് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവും സ്വന്തമായി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റത് വീണതാണ് കിവീസിന് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ ആദ്യവിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 43 പന്തില്‍ നിന്ന് പുറത്താകാതെ 86 റണ്‍സ് നേടിയ ജെ.പി. ഡുമ്നിയുടെ കരുത്തില്‍ ആറ് വിക്കറ്റിന് 170 റണ്‍സെടുത്തു. ഡുമ്നിക്ക് പുറമെ ആംല 41 റണ്‍സുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടെയ്‌ലര്‍ 62ഉം കീന്‍ വില്ല്യംസണ്‍ 51 റണ്‍സുമെടുത്തു.
ടോസ് നേടിയ ന്യൂസിലാന്റ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സ്കോര്‍ബോര്‍ഡില്‍ 42 റണ്‍സായപ്പോഴേക്കും ഡി കോക്കിനെയും (4) ഡു പ്ലെസിസിനെയും (13), എ.ബി. ഡിവില്ലിയേഴ്സിനെയും നഷ്ടമായെങ്കിലും ഡുമ്നിയും ആംലയും ചേര്‍ന്ന് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സ്കോര്‍ 97-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറി മാത്രമടിച്ച് 41 റണ്‍സെടുത്ത ആംലയെ കോറി ആന്‍ഡേഴ്സണ്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. പിന്നീട് ഡുമ്നിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 15-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 100ലെത്തിയത്. പിന്നീട് അവസാന അഞ്ച് ഒാവറില്‍ 70 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. മില്ലര്‍ ആറ് റണ്‍സെടുത്തും മോര്‍ക്കല്‍ 13 റണ്‍സെടുത്തും പുറത്തായി. 43 പന്തില്‍ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്സറുമടക്കമാണ് ഡുമ്നി പുറത്താകാതെ 86 റണ്‍സെടുത്തത്. ന്യൂസിലാന്റിന് വേണ്ടി സൗത്തിയും ആന്‍ഡേഴ്സണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
171 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ന്യൂസിലാന്റിന് ഓപ്പണര്‍മാരായ ഗുപ്റ്റിലും വില്ല്യംസണും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 57 റണ്‍സെടുത്ത ശേഷമാണ് ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായത്. 22 റണ്‍സെടുത്ത ഗുപ്റ്റിലിനെ മോര്‍ക്കലിന്റെ പന്തില്‍ ഡി കോക്ക് പിടികൂടി. സ്കോര്‍ 66-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ക്യാപ്റ്റന്‍ മക്കല്ലവും മടങ്ങിയെങ്കിലും പിന്നീട് ഗുപ്റ്റിലും ടെയ്‌ലറും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനീക്കി. സ്കോര്‍ 117-ല്‍ എത്തിയശേഷമാണ് ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. 35 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 51 റണ്‍സെടുത്ത വില്ല്യംസണിനെ സ്റ്റെയിന്‍ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു. ഇതോടെ ന്യൂസിലാന്റിന്റെ തകര്‍ച്ചയും ആരംഭിച്ചു. പിന്നീട് റോസ് ടെയ്‌ലര്‍ അവസാനം വരെ പോരാടിയെങ്കിലും മറ്റുള്ളവര്‍ പൂര്‍ണ പരാജയമായിമാറിയതോടെ ന്യൂസിലാന്റിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ സ്റ്റെയില്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുകളാണ് പിഴുതത്.
















