കറാച്ചി: വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷാഹിദ് അഫ്രീദിയെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുന്‍ നായകന്‍മാരായ ജാവേദ് മിയാന്‍ദാദും മുഹമ്മദ് യൂസഫും രംഗത്തെത്തി. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഇരുവരും ഈ ആവശ്യമുന്നയിച്ചത്. ടീമിനെ നേരാംവണ്ണം നയിക്കാന്‍ മുഹമ്മദ് ഹഫീസിന് കഴിഞ്ഞില്ലെന്ന് മിയാന്‍ദാദും യൂസഫും നിരീക്ഷിച്ചു.
130 പോലൊരു ലക്ഷ്യം എതിരാളിക്കു നല്‍കുമ്പോള്‍ ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും ഫീല്‍ഡ് ക്രമീകരണത്തിലും ഹഫീസ് കൂടുതല്‍ ആക്രമണോത്സുകത കാട്ടണമായിരുന്നു. വിക്കറ്റ് വീഴുന്നില്ലെങ്കില്‍ റണ്‍സ് തടയേണ്ടിയിരുന്നു. എങ്കില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായേനെ. നിര്‍ഭാഗ്യവശാല്‍ ഹഫീസ് അതു ചെയ്തില്ല. അഫ്രീദിയാണ് കൂടുതല്‍ ആക്രമണകാരി. ഉത്തരവാദിത്തം വര്‍ധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനമികവുമേറും, മിയാന്‍ദാദ് പറഞ്ഞു.
ഹഫീസിന്റെ ശരീരഭാഷ ശരിയല്ല. അയാള്‍ കോച്ച് മൊയിന്‍ ഖാനുമായും ടീം സ്റ്റാഫുകളോടും അത്ര രസത്തിലല്ല, യൂസഫ് പറഞ്ഞു. നല്ല ക്യാപ്റ്റന്‍സിയും ശരിയായ സമ്മര്‍ദ്ദ തന്ത്രവും 130 എന്ന സ്കോറിന് 160തിന്റെ ഫലം നല്‍കുമായിരുന്നു. കൂടുതല്‍ പോസിറ്റീവായ നേതൃത്വമാണ് പാക് ടീമിന് വേണ്ടത്.
സഹതാരങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ അഫ്രീദിക്ക് കഴിയുമെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അഫ്രീദിയെ ക്യാപ്റ്റനാക്കുന്നത് ഗുണകരമാകില്ലെന്ന് മറ്റൊരു മുന്‍ താരം റമീസ് രാജ വിലയിരുത്തി. അഫ്രീദിയുടെ ചുമതലകളുടെ ഭാരം ഇരട്ടിപ്പിക്കാനേ അതു സഹായിക്കുകയുള്ളുവെന്നും റമീസ് പറഞ്ഞു.
















