ധാക്ക: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ഇന്ന് രണ്ടാം അങ്കം. ധാക്കയിലെ കളത്തില്‍ ധോണിപ്പടയെ നേരിടുന്നത് കുട്ടിക്രിക്കറ്റിലെ ഏറ്റവും മുന്തിയ പാക്കേജുകളിലൊന്നായ വെസ്റ്റിന്‍ഡീസ്. രാത്രി ഏഴു മണിക്കാണ് മത്സരാരംഭം.
സൂപ്പര്‍ ടെന്നിലെ ആദ്യ കളിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ക്രിസ് ഗെയ്‌ലെന്ന അപകടകാരിയെ ഭയക്കാതെ കളിക്കിറങ്ങാന്‍ ഇന്ത്യയെ സഹായിക്കുന്നതും അതുതന്നെ. എങ്കിലും ഗെയ്‌ലിനെ തടയുക പ്രധാന ദൗത്യമായി തുടരും. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും നല്ല ലൈനും ലെങ്ങ്തും നിലനിര്‍ത്തുകയും ആര്‍. അശ്വിനും അമിത് മിശ്രയും രവീന്ദ്ര ജഡേജയുമൊക്കെ വൈവിധ്യം കാട്ടുകയും ചെയ്താല്‍ ഗെയ്‌ലിനെ തളച്ചിടാം. ഇന്ത്യന്‍ സ്പിന്നര്‍മാരെ കുറച്ചൊക്കെ ബഹുമാനത്തോടെയാവും ഗെയ്‌ലും നേരിടുക.
ഡ്വെയ്ന്‍ സ്മിത്ത്, ഡ്വെയ്ന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരും വിന്‍ഡീസ് നിരയില്‍ ബാറ്റിങ് വിസ്ഫോടനങ്ങള്‍ക്കുശേഷിയുള്ളവര്‍ തന്നെ.
ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മ ദൈര്‍ഘ്യമുള്ള ഇന്നിങ്ങ്സിന് പരാജയപ്പെടുന്നു. ശിഖര്‍ ധവാനും ശരാശരിക്കുമേല്‍ ഉയരുന്നില്ല. യുവരാജ് സിങ് റണ്‍സ് കണ്ടെത്തുന്നില്ലെന്നതും ഇന്ത്യയുടെ തലവേദനകളുടെ കൂട്ടത്തില്‍പ്പെടുന്നു.
രവി രാംപോളും സുനില്‍ നരെയ്നും ആന്ദ്രെ റസലും കരീബിയന്‍ പടയുടെ പന്തേറിനെ നയിക്കും. ഇന്നത്തെ ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയും പാക്കിസ്ഥാനും ഏറ്റുമുട്ടും.
















