സില്‍ഹട്ട്: ട്വന്റി 20 ക്രിക്കറ്റ് കണ്ട അത്ഭുതവിജയത്തോടെ നെതര്‍ലന്റ്സ് ടോപ് ടെന്നിലേക്ക് യോഗ്യത നേടി. അയര്‍ലന്റിനെതിരെയായിരുന്നു നെതര്‍ലന്റ്സിന്റെ അത്ഭുത വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സ് വെറും 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്താണ് ചരിത്ര വിജയം കുറിച്ചത്. ഇതോടെ നെറ്റ് റണ്‍റേറ്റില്‍ സിംബാബ്‌വെയെ പിന്തള്ളിയാണ് നെതര്‍ലന്റ്സ് സൂപ്പര്‍ 10-ല്‍ ഇടംപിടിച്ചത്. 23 പന്തില്‍ നിന്ന് നാല് ഫോറും 7 സിക്സറുമടക്കം 63 റണ്‍സെടുത്ത നെതര്‍ലന്റ്സ് ഓപ്പണര്‍ സ്റ്റീഫര്‍ മൈബര്‍ഗാണ് മാന്‍ ഓഫ് ദി മാച്ച്. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസിംഗുകളിലൊന്നായിരുന്നു ഇത്. വെറും 17 പന്തില്‍ നിന്ന് 50 റണ്‍സ് തികച്ച മൈബര്‍ഗ് ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ താരമായി. 12 പന്തില്‍ നിന്ന് 50 തികച്ച ഇന്ത്യയുടെ യുവരാജാണ് ഒന്നാമത്.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് പോര്‍ട്ടര്‍ഫീല്‍ഡിന്റെയും (47), ആന്‍ഡ്രൂ പോയിന്ററുടെയൂം (57)കെവിന്‍ ഒബ്രിയാന്റെയും (42 നോട്ടൗട്ട്) കരുത്തിലാണ് 189 റണ്‍സ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സിന് വേണ്ടി മൈബര്‍ഗിന് പുറമെ ടോം കൂപ്പര്‍ (45), വെസ്ലി ബരേസി (40 നോട്ടൗട്ട്), പീറ്റര്‍ ബൊറന്‍ (31) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തി.
നേരത്തെ ടോസ് നേടിയ നെതര്‍ലന്റ്സ് എതിരാളികളെ ബാറ്റിംഗിനച്ചു. സ്കോര്‍ 28 റണ്‍സിലെത്തിയപ്പോള്‍ അയര്‍ലന്റിന് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത സ്റ്റിര്‍ലിംഗിനെ വാന്‍ഡര്‍ ഗഗ്ടന്‍ പീറ്റര്‍ ബൊറന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 32 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 47 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ ജാമില്‍ ബൗള്‍ഡാക്കി. സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി. 28 റണ്‍സെടുത്ത എഡ് ജോയ്സ് റണ്ണൗട്ടായി. പിന്നീടാണ് പോയിന്ററും ഒബ്രിയാനും ചേര്‍ന്ന് വെടിക്കെട്ടിന് തിരികൊളുത്തിയത്. വെറും 38 പന്തില്‍ നിന്ന് നാല് വീതം ഫോറും സിക്സറുമടക്കം പോയിന്റര്‍ 57 റണ്‍സും 16 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്സറുമടക്കം കെവിന്‍ ഒബ്രിയാന്‍ പുറത്താകാതെ 42 റണ്‍സും അടിച്ചുകൂട്ടിയതോടെ അയര്‍ലന്റ് 189 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തി. നെതര്‍ലന്റ്സിന് വേണ്ടി ജാമില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സിന് ടൂപ്പര്‍ ടെന്നില്‍ പ്രവേശിക്കണമെങ്കില്‍ 14.2 ഓവറില്‍ ലക്ഷ്യം മറികടക്കേണ്ടതുണ്ടായിരുന്നു. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് തുടക്കത്തിലെ ഓപ്പണര്‍മാരായ ബൊറനും മൈബര്‍ഗും കമ്പക്കെട്ടിന് തീകൊളുത്തി. 6 ഓവറില്‍ സ്കോര്‍ 91-ല്‍ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. 15 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സറുമടക്കം 31 റണ്‍സെടുത്ത ബൊറനെ ഒബ്രിയാന്റെ പന്തില്‍ ഡോക്ക്‌റെല്‍ പിടികൂടി. അധികം വൈകാതെ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 23 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളും 7 കൂറ്റന്‍ സിക്സറുമടക്കം 63 റണ്‍സെടുത്ത മൈബര്‍ഗിനെ ഡോക്ക്‌റെല്ലിന്റെ പന്തില്‍ ജോയ്സ് പിടികൂടി. 2ന് 98. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍സെടുത്ത വാന്‍ബീക്കാണ് മടങ്ങിയത്. നാലാം വിക്കറ്റില്‍ ബരേസിയും ടോം കൂപ്പറും ഒത്തുചേര്‍ന്നതോടെ നെതര്‍ലന്റ്സ് വീണ്ടും പിടിമുറുക്കി. കൂപ്പറുടെ ബാറ്റില്‍ നിന്ന് തുടരെ സിക്സറുകള്‍ പറന്നതോടെ നെതര്‍ലന്റ്സ് വിജയത്തിലേക്ക് അതിവേഗം കുതിച്ചു. 11.2 ഒാവറില്‍ സ്കോര്‍ 161-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 പന്തില്‍ നിന്ന് ഒരു ഫോറും 6 സിക്സറുമടക്കം 45 റണ്‍സെടുത്ത കൂപ്പറെ മുര്‍താഗിന്റെ പന്തില്‍ ഒബ്രിയാന്‍ പിടികൂടി. തുടര്‍ന്നെത്തിയ ബെന്‍ കൂപ്പറെ കൂട്ടുപിടിച്ച് ബരേസി തകര്‍ത്തടിച്ചതോടെ 37 പന്തുകള്‍ ബാക്കിനില്‍ക്കേ നെതര്‍ലന്റ്സ് വിജയതീരമണിഞ്ഞു. 22 പന്തില്‍ നിന്ന് മൂന്നു വീതം സിക്സറും ബൗണ്ടറിയുമടക്കം 40 റണ്‍സെടുത്ത ബരേസിയും അഞ്ച് പന്തില്‍ നിന്ന് ഒരു സിക്സറോടെ 9 റണ്‍സെടുത്ത ബെന്‍ കൂപ്പറും പുറത്താകാതെ നിന്നു. അയര്‍ലന്റിന് വേണ്ടി കെവിന്‍ ഒബ്രിയാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
















