സാവോ പോളോ: 1958ല്‍ ബ്രസീലിന് ആദ്യമായി ലോകകപ്പ് ഫുട്ബോള്‍ കിരീടം സമ്മാനിച്ച നായകന്‍ ഹില്‍ഡെറാള്‍ഡൊ ബെല്ലിനി (83) അന്തരിച്ചു. ഏറെക്കാലമായി അല്‍ഷിമേഴ്സ് ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച സാവോ പോളോയിലായിരുന്നു.
ഇറ്റാലിയന്‍ വംശജനായ ബെല്ലിനിക്ക് ബ്രസീല്‍ ദര്‍ശിച്ച ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാക്ക് ഒപ്പമായിരുന്നു സ്ഥാനം. 1958 പെലെ, ഗാരിഞ്ച, മരിയൊ സാഗലോ തുടങ്ങിയ പ്രതിഭകള്‍ അടങ്ങിയ സംഘവുമായാണ് ക്യാപ്റ്റന്‍ ബെല്ലിനി ലോകകപ്പ് ഉയര്‍ത്തിയത്. ഫൈനലില്‍ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെല്ലിനിയും കൂട്ടരും കെട്ടുകെട്ടിച്ചപ്പോള്‍ ബ്രസീല്‍ മാരക്കാന ദുരന്തം ആദ്യമായി മറന്നു. 1962ലെ ചിലി ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമിലും ബെല്ലിനിയുണ്ടായിരുന്നു. അത്തവണ ഒരു മത്സരത്തില്‍പ്പോലും അദ്ദേഹം കളിച്ചില്ല. എങ്കിലും മഞ്ഞിക്കിളികള്‍ ലോകകപ്പ് നിലനിര്‍ത്തുന്നത് കാണാന്‍ ബെല്ലിനിക്ക് യോഗമുണ്ടായി. 1966ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പോടെ ബെല്ലിനി ബൂട്ടഴിച്ചു. 51 മത്സരങ്ങളില്‍ ബെല്ലനി രാജ്യത്തിന്റെ കുപ്പായമണിഞ്ഞു. വാസ്കോ ഡ ഗാമ, സാവോ പോളോ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും പന്തുതട്ടി. 58ലെ ലോകകപ്പ് വിജയത്തിനുശേഷം യൂള്‍ റിമെ ട്രോഫി ഇരുകൈകളുംകൊണ്ട് തലയ്‌ക്കു മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ബെല്ലിനി നടത്തിയ ആഘോഷം വിഖ്യാതമാണ്. പിന്നീട് കപ്പ് നേടിയ പല ബ്രസീലിയന്‍ ക്യാപ്ന്മാരും ബെല്ലിനിയുടെ ആഘോഷത്തെ അനുകരിച്ചുപോന്നു.
















