ന്യൂദല്‍ഹി: 1962ലെ ഇന്ത്യാ-ചൈന യുദ്ധപരാജയത്തിന്റെ പ്രധാന കാരണക്കാരന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് വ്യക്തമാക്കുന്ന സൈനിക രേഖ പുറത്തായത് കോണ്‍ഗ്രസിനേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. പരാജയകാരണങ്ങളേപ്പറ്റി ലഫ്: ജനറല്‍ ഹെന്ഡേഴ്സണ് ബ്രൂക്ക്സ്, ഇന്ത്യന്‍ മിലിട്ടറി അക്കാദമി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ പി.എസ്. ഭഗത് എന്നിവര്‍ തയ്യാറാക്കി സമര്‍പ്പിച്ച അതീവ രഹത്യരേഖയായി ഇന്നും കേന്ദ്രസര്‍ക്കാര്‍ സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ജവഹര്‍ലാല്‍ നെഹ്രു സ്വീകരിച്ച ഫോര്‍വേഡ് പോളിസിയെന്ന നയമാണ് ഇന്ത്യന്‍ സൈന്യത്തിന് ദയനീയ പരാജയം സംഭവിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. യുദ്ധം റിപ്പോര്‍ട്ട് ചെയ്ത ലണ്ടന്‍ ടൈംസ് ലേഖകന്‍ ഓസ്ട്രേലിയന്‍ സ്വദേശിയായ നെവില്‍ മാക്സ്വെല്ലാണ് ഒരു വെബ്സൈറ്റിലൂടെ വിവരം പുറത്തുവിട്ടത്. യുദ്ധപരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുവെച്ച് 1967ലെ പൊതു തെരഞ്ഞെടുപ്പ് ജയിച്ച കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പു പുറത്തുവന്ന സൈനികരേഖയോട് പ്രതികരിക്കാനാവാതെ വിഷമിക്കുകയാണ്.
ഇന്ത്യന്‍ സൈന്യത്തിനാവശ്യമായ ആള്‍ബലവും കാര്യമായ മുന്നൊരുക്കങ്ങളുമില്ലാതെയാണ് ചൈനീസ് പ്രദേശങ്ങളിലേക്ക് സൈന്യത്തെ നെഹ്രുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമോനോനും അയച്ചതെന്ന് ലഫ്. ജനറല്‍ ഹെന്ഡേഴ്സണ് ബ്രൂക്ക്സിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗിന് നിര്‍ദ്ദേശിച്ചതായും ചൈന അവരുടേതെന്ന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പോസ്റ്റുകള്‍ ആരംഭിച്ചതും ചൈനയെ പ്രകോപിപ്പിച്ചു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഇന്ത്യ നടത്തിയപ്പോള്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ സേനയ്ക്കില്ലായിരുന്നു.
അതിര്‍ത്തിയിലെ കമാണ്ടര്മാരോട് അഭിപ്രായം തേടാതെ ദല്‍ഹിയിലെ രാഷ്ട്രീയ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്. ആക്രമണാത്മകമായ നയം സ്വീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനാവശ്യമായ ആള്‍ബലവും സജ്ജീകരണങ്ങളും മുന്‍കൂട്ടി തയ്യാറാക്കി നിര്ത്തണമായിരുന്നെന്ന പ്രാഥമിക യുദ്ധപാഠം ഇന്ത്യന്‍ നേതൃത്വം മറന്നുപോയെന്നും ലഫ്. ജനറല്‍ ഹെന്ഡേഴ്സണ് ബ്രൂക്ക്സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
യുദ്ധപരാജയത്തിനു ശേഷം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലായിരുന്നെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി അന്വേഷിക്കുമെന്ന് രാജ്യസഭയില്‍ ജവഹര്‍ലാല്‍ നെഹ്രു ഉറപ്പുനല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടന്നിരുന്നില്ല. നെഹ്രുവിനെ നേരിട്ട് നിശിതമായി കുറ്റപ്പെടുത്തുന്ന ഹെന്ഡേഴ്സണ് ബ്രൂക്ക്സിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനു പിന്നില്‍ രാഷ്ട്രീയവും കുടുംബപരവുമായ സ്വാധീനങ്ങളുണ്ടായിട്ടുണ്ടാകാമെന്നും പഴയ ലണ്ടന്‍ ടൈംസ് ലേഖകന്‍ പറയുന്നു.
ഹെന്ഡേഴ്സണ് ബ്രൂക്ക്സ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ നിലവില്‍ സേനാനീക്കങ്ങള്‍ക്ക് പ്രയോജനകരമായ രേഖയായതിനാല്‍ പരസ്യപ്പെടുത്താനാവില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും സ്വീകരിച്ചത്. എന്നാല്‍ നിലവില്‍ സേനാനീക്കങ്ങള്‍ക്ക് സഹായിക്കുന്ന യാതൊന്നും റിപ്പോര്‍ട്ടിലില്ലെന്നും നെഹ്രുവിന്റെ ഫോര്‍വേഡ് പോളിസിയിലെ പരാജയങ്ങളേപ്പറ്റിയാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങളെന്നുമാണ് നെവില്‍ മാക്സ്വെല് വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തിനും സൈന്യത്തിനും വലിയ നാണക്കേടുണ്ടാക്കിയ 1962ലെ യുദ്ധ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: