ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലാണ് എട്ടാം ലോകകപ്പ് അരങ്ങേറിയത്. മുന്‍ലോകകപ്പുകളിലെ പോലെ 16 ടീമുകളാണ് ഇത്തവണയും ലോകകപ്പിനെത്തിയത്. ഇംഗ്ലണ്ടും ബ്രസീലും ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമെന്ന നിലയില്‍ നേരിട്ട് യോഗ്യത നേടി. ബാക്കി 14 ടീമുകള്‍ യോഗ്യതാ മത്സരങ്ങളിലൂടെയാണ് ഫൈനല്‍ റൗണ്ട് പോരാട്ടത്തിനെത്തിയത്. ഏഴ് നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറിയത്. ജൂലൈ 11 മുതല്‍ 30 വരെ നടന്ന 32 മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 89 ഗോളുകളും എട്ടാം ലോകകപ്പില്‍ പിറന്നു.
പോര്‍ച്ചുഗലിന്റെ യൂസേബിയോ, ഇംഗ്ലണ്ടിന്റെ ജെഫ് ഹര്‍സ്റ്റ് എന്നിവരാണ് ഹാട്രിക്കിന് ഉടമകള്‍. ഹര്‍സ്റ്റിന്റെ ഹാട്രിക്ക് പിറന്നത് ഫൈനലിലാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഫൈനലിലെ ഒരേയൊരു ഹാട്രിക്ക്. അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ഇംഗ്ലണ്ട് ലോകകിരീടം കരസ്ഥമാക്കി.
യോഗ്യതാ റൗണ്ടില്‍ അഞ്ച് മേഖലകളില്‍ നിന്നായി 74 ടീമുകളാണ് 14 സ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങിയത്. 127 മത്സരങ്ങളില്‍ നിന്നായി 393 ഗോളുകളും പിറന്നു. യൂറോപ്പില്‍ നിന്ന് ബള്‍ഗേറിയ, പശ്ചിമജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്റ്, ഹംഗറി, സോവിയറ്റ് യൂണിയന്‍, ഇറ്റലി, സ്പെയിന്‍, ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീലിന് പുറമെ ഉറുഗ്വെ, ചിലി, അര്‍ജന്റീന, വടക്കേ അമേരിക്കന്‍ മേഖലയില്‍ നിന്ന് മെക്സിക്കോ, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ മേഖലയില്‍ നിന്ന് വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.
ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഉറുഗ്വെ, മെക്സിക്കോ, ഫ്രാന്‍സ്, ഗ്രൂപ്പ് രണ്ടില്‍ പശ്ചിമ ജര്‍മ്മനി, അര്‍ജന്റീന, സ്പെയിന്‍, സ്വിറ്റ്സര്‍ലന്റ്, ഗ്രൂപ്പ് മൂന്നില്‍ ബ്രസീല്‍, ബള്‍ഗേറിയ, പോര്‍ച്ചുഗല്‍, ഹംഗറി, ഗ്രൂപ്പ് നാലില്‍ സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ, ഇറ്റലി, ചിലി എന്നീ ടീമുകളാണ് ഉള്‍പ്പെട്ടത്.
1962ലെ ചാമ്പ്യന്മാരായിരുന്ന ബ്രസീല്‍ തന്നെയായിരുന്നു ഈ ലോകകപ്പിലെയും ഹോട്ട് ഫേവറിറ്റുകള്‍. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പെ കിരീടം അവര്‍ക്ക് തന്നെയെന്ന് ആരാധകവൃന്ദം ഉറപ്പിച്ചു. ഇതിന് കാരണം പെലെ, ഗരിഞ്ച, ജെര്‍സിഞ്ഞോ, ഡെനില്‍സണ്‍, സാന്റോസ്, ഗില്‍മര്‍ തുടങ്ങിയ ലോകോത്തര താരങ്ങളുടെ സാന്നിധ്യവും. എന്നാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തുപോകേണ്ടിവന്നു. ഗ്രൂപ്പ് മൂന്നില്‍ ബള്‍ഗേറിയക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിക്ക് പെലെ അര്‍ഹനായി. എന്നാല്‍ ബള്‍ഗേറിയന്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് വിധേയനായ പെലെക്ക് ഹംഗറിക്കെതിരായ രണ്ടാം മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ഈ മത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. പരിക്കില്‍നിന്ന് പൂര്‍ണമായും മുക്തനായില്ലെങ്കിലും പോര്‍ച്ചുഗലിനെതിരായ നിര്‍ണായക മത്സരത്തില്‍ പെലെ ബൂട്ടുകെട്ടി. പക്ഷേ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ബ്രസീല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു.
ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ട്, ഉറുഗ്വെ, ഗ്രൂപ്പ് രണ്ടില്‍ നിന്ന് പശ്ചിമ ജര്‍മ്മനി, അര്‍ജന്റീന, ഗ്രൂപ്പ് മൂന്നില്‍ നിന്ന് പോര്‍ച്ചുഗല്‍, ഹംഗറി, ഗ്രൂപ്പ് നാലില്‍ നിന്ന് സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് 1-0ന് അര്‍ജന്റീനയെയും പോര്‍ച്ചുഗല്‍ 5-3ന് വടക്കന്‍ കൊറിയയെയും പശ്ചിമ ജര്‍മ്മനി 4-0ന് ഉറുഗ്വെയെയും സോവിയറ്റ് യൂണിയന്‍ 2-1ന് ഹംഗറിയെയും കീഴടക്കി സെമിയിലെത്തി.
സെമിയില്‍ പശ്ചിമ ജര്‍മ്മനി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സോവിയറ്റ് യൂണിയനെയും ഇംഗ്ലണ്ട് 2-1ന് പോര്‍ച്ചുഗലിനെയും പരാജയപ്പെടുത്തി ഫൈനലിലെത്തി. ജൂലൈ 28ന് നടന്ന ലൂസേഴ്സ് ഫൈനലില്‍ സോവിയറ്റ് യൂണിയനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനം നേടി. ജൂലൈ 30ന് വെംബ്ലിയില്‍ 98,000 കാണികളെ സാക്ഷിയാക്കി അരങ്ങേറിയ കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെ കീഴടക്കി ഇംഗ്ലണ്ട് ലോകകിരീടത്തില്‍ ആദ്യമായി മുത്തമിട്ടു. മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ഹെല്‍മറ്റ് ഹാലര്‍ നേടിയ ഗോളിന് പശ്ചിമ ജര്‍മ്മനി മുന്നിലെത്തി. ആറ് മിനിറ്റിനുശേഷം ജെഫ് ഹര്‍സ്റ്റ് ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു. പിന്നീട് 78-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പീറ്റേഴ്സിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയെങ്കിലും 89-ാം മിനിറ്റില്‍ വോള്‍ഫ്ഗാംഗ് വെബ്ബറിലൂടെ പശ്ചിമജര്‍മ്മനി സമനില പിടിച്ചു. നിശ്ചിത സമയത്ത് മത്സരം 2-2ന് തുല്യത പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. പിന്നീട് 101, 120 മിനിറ്റുകളില്‍ ഹര്‍സ്റ്റ് രണ്ടുതവണ പശ്ചിമ ജര്‍മ്മന്‍ വല കുലുക്കിയതോടെ ചരിത്രത്തിലാദ്യമായി കാല്‍പ്പന്തുകളിയുടെ ജന്മനാട് ലോകകപ്പിന് അവകാശികളായി. ബോബി ചാള്‍ട്ടനും ബോബി മൂറുമായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പിന് പിന്നിലെ കരുത്തര്‍.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് ബോബി ചാള്‍ട്ടനും വെള്ളിപ്പന്ത് ബോബി മൂറും സ്വന്തമാക്കിയപ്പോള്‍ വെങ്കലപ്പന്തിന് അവകാശിയായത് പോര്‍ച്ചുഗീസ് കരുത്തനായ യൂസേബിയോയാണ്. ടോപ് സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകവും 9 ഗോളുകളോടെ യൂസേബിയോ ഉറപ്പിച്ചു. ആറ് ഗോളുകള്‍ നേടിയ പശ്ചിമ ജര്‍മ്മനിയുടെ ഹെല്‍മറ്റ് ഹാളര്‍ വെള്ളി പാദുകം കരസ്ഥമാക്കിയപ്പോള്‍ വെങ്കല പാദുകത്തിന് നാലുപേര്‍ അവകാശികളായി.
















