ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദപോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഒളിമ്പിയാക്കോസിനെയും നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെയും നേരിടും.
സര്‍ അലക്സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്റെ കുപ്പായം അഴിച്ചുവെച്ച ശേഷം അവരുടെ പ്രകടനം ദയനീയമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ ഏഴാം സ്ഥാനത്താണ്. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീട പേരാട്ടത്തില്‍ നിന്നും പുറത്താവുകയും ചെയ്തിട്ടുണ്ട്. വെയ്ന്‍ റൂണി, റോബിന്‍ വാന്‍ പെഴ്സി, ഡാനി വെല്‍ബാക്ക്, ജാനസാഞ്ജ് തുടങ്ങിയ പ്രതിഭയുള്ള താരങ്ങള്‍ ഉണ്ടെങ്കിലും ഫെര്‍ഗൂസന് പകരമായി പരിശീലകന്റെ കുപ്പായമേറ്റെടുത്ത ഡേവിഡ് മോയസിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പഴയ പ്രതാപത്തിന്റെ നിഴലിലാണ്. കഴിഞ്ഞ ദിവസം പ്രീമിയര്‍ലീഗില്‍ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനോട് 3-0ന് തോറ്റതിന്റെ ക്ഷീണത്തിലുമാണ് യുണൈറ്റഡ്. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒളിമ്പിയാക്കോസിനോട് പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ന് സ്വന്തം തട്ടകത്തില്‍ മൂന്ന് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലോ യുണൈറ്റഡിന് അവസാന എട്ടില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. മത്സരം സമനിലയിലാവുകയോ ഒരു ഗോളിന് യുണൈറ്റഡ് ജയിക്കുകയോ ചെയ്താല്‍ ഒളിമ്പിയാക്കോസ് ക്വാര്‍ട്ടറിലെത്തും.
മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചാണ് റഷ്യന്‍ ക്ലബ് സെനിത് സെന്റ്പീറ്റേഴ്സ്ബര്‍ഗിനെതിരെ രണ്ടാംപാദ പോരാട്ടത്തിന് സ്വന്തം മണ്ണില്‍ ഇറങ്ങുന്നത്. ആദ്യപാദത്തില്‍ സെനിതിന്റെ അവരുടെ മണ്ണില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവും ബൊറൂസിയ താരങ്ങള്‍ക്കുണ്ട്.
















