ധാക്ക: ട്വന്റി 20 ലോകകപ്പിന്റെ സന്നാഹപോരാട്ടത്തില്‍ വിന്‍ഡീസിന് വിജയം. ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തില്‍ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെയാണ് കരീബിയന്‍ പട തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 23 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ പുറത്താകാതെ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോര്‍ഗനാണ് ടോപ് സ്കോറര്‍. മോയിന്‍ അലി 22ഉം ബട്ട്ലറും ലംബും 14 റണ്‍സ് വീതും രവി ബൊപാറ 15 റണ്‍സുമെടുത്തു. വിന്‍ഡീസിന് വേണ്ടി സാന്റോകി മൂന്നും ഷെല്‍ഡണ്‍ കോട്ട്‌റല്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ഒാപ്പണര്‍മാരായ സ്മിത്തും ഗെയിലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 8.3 ഓവറില്‍ സ്കോര്‍ 78 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 30 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സ്മിത്തിനെ ട്രെഡ്‌വെല്ലിന്റെ പന്തില്‍ ഡെന്‍ബാക്ക് പിടികൂടി. തുടര്‍ന്നെത്തിയ ചാള്‍സും (7), സാമുവല്‍സും (2) പെട്ടെന്ന് മടങ്ങിയെങ്കിലും 15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സിമണ്‍സിനെ കൂട്ടുപിടിച്ച് ഗെയില്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. 38 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറുമടക്കമാണ് ഗെയില്‍ 58 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ട്രെഡ്‌വെല്‍, ബൊപാറാ, സ്റ്റീഫന്‍ പാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.
















