ധാക്ക: ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ അയര്‍ലന്റിന് അട്ടിമറി വിജയം. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ സിംബാബ്‌വെ ക്കെതിരെയാണ് അയര്‍ലന്റ് അട്ടിമറി വിജയം സ്വന്തമാക്കിയത്. ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും കണ്ട പോരാട്ടത്തില്‍ അവസാന പന്തിലാണ് അയര്‍ലന്റ് വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനായിരുന്നു സിംബാബ്‌വെയെ അവര്‍ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റ് 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്താണ് ആദ്യ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. സിംബാബ്‌വെ നിരയില്‍ 59 റണ്‍സെടുത്ത ബ്രണ്ടന്‍ ടെയ്‌ലറാണ് ടോപ് സ്കോറര്‍. അയര്‍ലന്റിന് വേണ്ടി പോര്‍ട്ടര്‍ഫീല്‍ഡ് 31ഉം പോള്‍ സ്റ്റിര്‍ലിംഗ് 60 റണ്‍സുമെടുത്തു. സ്റ്റിര്‍ലിംഗാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ അയര്‍ലന്റ് സിംബാബ്‌വെയെ ബാറ്റിംഗിനയച്ചു. സ്കോര്‍ 14 റണ്‍സിലെത്തിയപ്പോള്‍ സിംബാബ്‌വെക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത സിക്കന്ദര്‍ റാസയെ അലക്സ് കുസാക്ക് മാക്സ് സോറന്‍സെനിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ മസാകാഡ്സയും ബ്രണ്ടന്‍ ടെയ്‌ലറും ചേര്‍ന്ന് സ്കോര്‍ 56-ല്‍ എത്തിച്ചെങ്കിലും 21 റണ്‍സെടുത്ത മസാകാഡ്സിനെ മക്ബ്രയിന്‍ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്നെത്തിയ സീന്‍ വില്ല്യംസ് ഒമ്പത് പന്തില്‍ നിന്ന് 16 റണ്‍സെടുത്തും സിബാന്‍ഡ 16 റണ്‍സെടുത്തും മടങ്ങിയതോടെ സിംബാബ്‌വെ നാലിന് 111 എന്ന നിലയിലായി. സ്കോര്‍ 131-ല്‍ എത്തിയപ്പോള്‍ 46 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറുമടക്കം 59 റണ്‍സെടുത്ത ബ്രണ്ടന്‍ ടെയ്‌ലറും മടങ്ങി. പിന്നീട് 13 പന്തില്‍ നിന്ന് രണ്ട് സിക്സറോടെ 22 റണ്‍സെടുത്ത ചിഗുംബുരയും 9 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത മരുമയും ചേര്‍ന്നാണ് സ്കോര്‍ 163-ല്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റിന് വേണ്ടി ഓപ്പണര്‍മാരായ പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിംഗും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 80 റണ്‍സെടുത്തു. 23 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സറുമടക്കം 31 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ പുറത്താക്കി സീന്‍ വില്ല്യംസാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് സ്കോര്‍ 10.3 ഓവറില്‍ 100 എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 34 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറുമടക്കം 60 റണ്‍സെടുത്ത സ്റ്റിര്‍ലിംഗാണ് മടങ്ങിയത്. പിന്നീട് സ്കോര്‍ 129 റണ്‍സിലെത്തിയപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ അനായാസവിജയത്തിലേക്ക് നീങ്ങുകയായിരുന്ന അയര്‍ലന്റ് സമ്മര്‍ദ്ദത്തിലായി. പിന്നീട് അവസാന ഓവറിലെ മൂന്നും നാലും പന്തുകളിലും സ്കോര്‍ 162-ല്‍ നില്‍ക്കേ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ അവര്‍ തോല്‍വി മണത്തു. അടുത്ത പന്തില്‍ തോംസണ്‍ ഒരു റണ്‍സെടുക്കുകയും അവസാന പന്തില്‍ ബൈയിലൂടെ അയര്‍ലന്റ് വിജയ റണ്‍ നേടുകയും ചെയ്തു.
















