ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം ഡോകോവിച്ചിനും ഫ്ലാവിയ പെന്നെറ്റക്കും. പുരുഷ വിഭാഗത്തില്‍ ഡോകോവിച്ച് റോജര്‍ ഫെഡററെയും വനിതാ വിഭാഗത്തില്‍ ഫ്ലാവിയ പെന്നെറ്റ രണ്ടാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്‌വാന്‍സ്കയെയും കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്.
പുരുഷവിഭാഗം ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് സ്വിസ് തിഹാസം റോജര്‍ ഫെഡററെ മറികടന്ന് കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഡോകോ ഫെഡററെ കീഴടക്കിയത്. സ്കോര്‍: 3-6, 6-3, 7-6 (7-3). ആദ്യ സെറ്റ് നേടിയ ശേഷമാണ് ഫെഡറര്‍ ഡോക്കോവിച്ചിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ വെല്‍സ് കിരീടം ജോക്കോവിച്ച് നേടുന്നത്. 2008, 2011 വര്‍ഷങ്ങളിലും ഡോക്കോവിച്ച് ഇവിടെ ചാമ്പ്യനായിരുന്നു. കഴിഞ്ഞ മാസം നടന്ന ദുബായ് ഓപ്പണിന്റെ സെമിയില്‍ ഡോക്കോവിച്ച് ഫെഡററോട് തോറ്റിരുന്നു.
വനിതാ വിഭാഗത്തില്‍ ലോക മൂന്നാം നമ്പറും രണ്ടാം സീഡുമായ പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്‌വാന്‍സ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് 20-ാം സീഡ് ഇറ്റാലിയന്‍ താരം ഫ്ലാവിയ പെന്നെറ്റ കിരീടം ചൂടിയത്. സ്കോര്‍: 6-2, 6-1.
















