മിര്‍പൂര്‍: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ യഥാര്‍ത്ഥ പോരാട്ടത്തിന് നല്ല തയ്യാറെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ആദ്യ പരിശീലന മത്സരത്തിന് ഇറങ്ങും.
ശ്രീലങ്കയാണ് എതിരാളികള്‍. പതിനഞ്ച് താരങ്ങള്‍ക്കുവരെ മത്സരത്തില്‍ കളിക്കാം. അതിനാല്‍ത്തന്നെ കഴിവു തെളിയിക്കാന്‍ എല്ലാവര്‍ക്കും അവസരമൊരുങ്ങും. മാര്‍ച്ച് 21ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ കന്നിയങ്കം. അതിനു മുന്‍പ് ഒരു വാംഅപ്പ് മത്സരത്തില്‍ക്കൂടി ഇന്ത്യ കളിക്കും. പരിശീലനക്കളികളിലെ ജയങ്ങളില്‍ക്കൂടി ആത്മവിശ്വാസം വീണ്ടെടുക്കുകയാവും ധോണിപ്പടയുടെ ലക്ഷ്യം.
ഏഷ്യാകപ്പ് കിരീട നേട്ടത്തിന്റെ ലഹരിയിലുള്ള ലങ്കയ്‌ക്ക് ഇന്ത്യയ്‌ക്കുമേല്‍ അല്‍പ്പം മുന്‍തൂക്കമുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ദിനേശ് ചന്ദിമല്‍ നയിക്കുന്ന ലങ്കന്‍ നിരയ്‌ക്ക് മഹേല ജയവര്‍ധനെയെയും കുമാര്‍ സംഗക്കാരയെയും തിലകരത്നെ ദില്‍ഷനെയും പോലുള്ള പരിചയസമ്പന്നരുടെ പിന്‍ബലമുണ്ട്. ലസിത് മലിംഗയുടെ തീപാറുന്ന പന്തുകളും എതിരാളിള്‍ക്ക് പേടിസ്വപ്നമാണ്.
യുവരാജ് സിങ്ങിലും വിരാട് കോഹ് ലിയിലും ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നു. സുരേഷ് റെയ്ന പഴയ ഫോമിലേക്ക് ഉയര്‍ന്നാല്‍ അതും ഗുണം ചെയ്യും. ബൗളര്‍മാരില്‍ ആര്‍. അശ്വിനും മുഹമ്മദ് ഷാമിയുമാവും ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍.
















