കോട്ടയം: പ്രഥമ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന് കോട്ടയത്ത് തുടക്കം. നാഗമ്പടത്തെ നെഹ്‌റുസ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ആദ്യ വിജയം തിരുവനന്തപുരം കെഎസ്‌ഇബിക്ക്. ബോസ്കോ മലപ്പുറത്തെയാണ് കെഎസ്‌ഇബി തിരുവനന്തപുരം പരാജയപ്പെടുത്തിയത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു കെഎസ്‌ഇബിയുടെ വിജയം. രണ്ടാമത്തെ മത്സരത്തില്‍ ഏജീസ് തിരുവനന്തപുരവും ഈഗിള്‍സ് എഫ്സിയും ഏറ്റുമുട്ടി.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ കേരള പോലീസും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും തമ്മിലും ഈഗിള്‍സ് എഫ്‌എസിയും മലപ്പുറം ബോസ്കോയും ഏറ്റുമുട്ടും. 23 നാണ് എ ഗ്രൂപ്പ് ഫൈനല്‍ മത്സരം. ഗ്രൂപ്പിലെ വിജയികളും റണ്ണര്‍ അപ്പൂം ഫൈനല്‍ റൗണ്ടിലേയ്‌ക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ എപ്രിലില്‍ കോഴിക്കോട് നടത്താനാണ് സംഘാടകരുടെ തീരുമാനം. രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കോട്ടയം നഗരസഭ ചെയര്‍മാന്‍ എം. പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജിജി തോംസണ്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, രാംകോ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ റെജി എന്നിവര്‍ പ്രസംഗിച്ചു.
















