ബാഴ്സലോണ/പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കും ജര്‍മ്മന്‍ ടീം ബയേര്‍ ലെവര്‍കൂസനും ഇന്ന് ജീവന്മരണ പോരാട്ടം. രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിലെ കളത്തില്‍ സിറ്റിയെ കാത്തിരിക്കുന്നത് കരുത്തരില്‍ കരുത്തരായ ബാഴ്സലോണ.
ലെവര്‍കൂസന് വിരുന്നൊരുക്കുന്നത് ഫ്രഞ്ച് സംഘം പാരീസ് സെയ്ന്റ് ജെര്‍മെയ്നും. ലെവര്‍ കൂസന്‍- പിഎസ്ജി മത്സരം ടെന്‍ സ്പോര്‍ട്സിലും ബാഴ്സ- സിറ്റി കളി ടെന്‍ ആക്ഷനിലും രാത്രി 1.15 മുതല്‍ തത്സമയം കാണാം.
നൗ കാംപില്‍ ബാഴ്സയെ ഞെട്ടിക്കാന്‍ ഇറങ്ങുന്ന സിറ്റിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സ്വന്തം തട്ടകത്തിലെ ആദ്യ പാദത്തില്‍ വഴങ്ങിയ 2-0ത്തിന്റെ തോല്‍വി അവരുടെ പണി കടുപ്പമേറിയതാക്കിയിരിക്കുന്നു. 3-1 എന്ന മാര്‍ജിനിലെങ്കിലും ജയിച്ചാലേ ഇംഗ്ലീഷ് പടയ്‌ക്കു രക്ഷയുള്ളു. ബാഴ്സയുടെ ഇപ്പോഴത്തെ മോശം ഫോം സിറ്റിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങള്‍ക്കിടെ രണ്ടു തോല്‍വികള്‍ വഴങ്ങിയ ബാഴ്സ നിറംമങ്ങിക്കഴിഞ്ഞു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്‌മറുമൊന്നും പതിവു മൂര്‍ച്ചകാട്ടുന്നില്ല. കളത്തിലെ നിലവാരത്തിന്റെ കാര്യത്തില്‍ സിറ്റിയും അത്ര മുന്‍പന്തിയിലല്ല. എഫ്‌എ കാപ്പില്‍ കഴിഞ്ഞ ദിവസം വീഗനോട് തോല്‍വി വഴങ്ങിയത് മാനുവേല്‍ പെല്ലഗ്രിനിയുടെ കുട്ടികളുടെ ആത്മവിശ്വാസം ഇടിച്ചിട്ടുണ്ട്. എങ്കിലും ലീഗിലെ തോല്‍വികളിലൂടെ അമാനുഷിക പരിവേഷം നഷ്ടപ്പെടുത്തിക്കഴിഞ്ഞ ബാഴ്സയ്‌ക്കു തന്നയാണ് ഏറെ സമ്മര്‍ദ്ദം. അതു മുതലെടുത്താല്‍ സിറ്റിക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
പിഎസ്ജിയെ നേരിടുന്ന ലെവര്‍കൂസന്റ നില ഏറെ പരിതാപകരം. സ്വന്തം മണ്ണിലെ ആദ്യ മുഖാമുഖത്തില്‍ 4-0ന് മുട്ടുകുത്തിയ ലെവര്‍കൂസന് അതിശയിപ്പിക്കുന്ന ജയത്തിലൂടെ മാത്രമെ അവസാന എട്ടിലെത്താന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ ലെവര്‍കൂസന്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം.
പോരാഞ്ഞിട്ട് മിഡ്ഫീല്‍ഡര്‍ ജെന്‍സ് ഹെഗ്ലറുടെ പരിക്കും പ്രതിരോധ ഭടന്‍ എമിര്‍ സ്പാഹിക്കിന്റെ സസ്പെന്‍ഷനുമൊക്കെ അവര്‍ക്ക് കൂനില്‍മേല്‍ കുരുവാകുന്നു. മറുവശത്ത് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനൊപ്പം അപകടകാരിയായ സ്ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയും ചേരുമ്പോള്‍ പിഎസ്ജിയെ പിടിച്ചാല്‍ കിട്ടില്ല. പാര്‍ക്ക് ഡെ പ്രിന്‍സസിലെ പുല്‍ക്കളത്തില്‍ 2012നുശേഷം ഒരിക്കല്‍ മാത്രമേ തോറ്റിട്ടുള്ളുവെന്നതും പിഎസ്ജിയുടെ അപ്രമാദിത്വം അടിവരയിടുന്ന കണക്കാണ്.
















