മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണലിനും എസി മിലാനും ഇന്ന് ജീവന്മരണപോരാട്ടം. ദ്വിപാദ നോക്കൗട്ട് റൗണ്ടിന്റെ ആദ്യ പാദത്തിലേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനാണ് ഇന്ന് ആഴ്സണലും മിലാനും എവേ പോരാട്ടത്തിനിറങ്ങുന്നത്. ആഴ്സണല്‍ സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനോട് 2-0നും എസി മിലാന്‍ സാന്‍ സിരിനോയില്‍ സ്പാനിഷ് ടീം അത്ലറ്റികോ മാഡ്രിഡിനോട് 1-0നുമാണ് പരാജയപ്പെട്ടത്. മിലാനും ആഴ്സണലിനും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ന് എതിരാളികള്‍ക്കെതിരെ അവരുടെ തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കണം. ആഴ്സണലിന് ബയേണ്‍ മ്യൂണിക്കിനെ 3-0നും മിലാന് അത്ലറ്റികോ മാഡ്രിഡിനെ 2-0നും തകര്‍ത്താലേ അവസാന എട്ടില്‍ ഇടംപിടിക്കാന്‍ കഴിയൂ.
ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി കിരീടത്തിലേക്ക് അടുത്തൂകൊണ്ടിരിക്കുന്ന ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ കീഴടക്കുകയെന്നത് ആഴ്സണലിന് ബാലികേറാമലയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ഒന്നാം സ്ഥാനത്തായിരുന്ന ആഴ്സണല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ നിരാശയിലാണ്.
അതേസമയം ജര്‍മ്മന്‍ ലീഗില്‍ പരാജയമറിയാത്ത കുതിപ്പ് നടത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബയേണ്‍ ഇന്ന് കളത്തലിറങ്ങുന്നത്. 24 മത്സരങ്ങളില്‍ നിന്ന് 22 വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങി. ഈ സീസണില്‍ ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബയേണ്‍ തോല്‍വിയറിഞ്ഞിട്ടുള്ളത്. സീസണ് മുന്നോടിയായി നടന്ന ഡിഎഫ്ബി സൂപ്പര്‍ കാപ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടും ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും. കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗയില്‍ വോള്‍ഫ്സ്ബര്‍ഗിനെ 6-1നാണ് ബയേണ്‍ തകര്‍ത്തുവിട്ടത്. എന്നാല്‍ ആഴ്സണലും പ്രതീക്ഷ കൈവെടിയുന്നില്ല. കഴിഞ്ഞ സീസണില്‍ സ്വന്തം തട്ടകത്തില്‍ ബയേണിനോട് പരാജയം ഏറ്റുവാങ്ങിയ ആഴ്സണല്‍ രണ്ടാം പാദത്തില്‍ ബയേണിനെ മ്യുണിക്കില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെടുത്തിയിരുന്നു.
സ്പാനിഷ് ലീഗില്‍ കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ബാഴ്സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഇന്ന് മിലാനെതിരെ പടക്കൊരുങ്ങുന്നത്. ഡീഗോ കോസ്റ്റയും റൗള്‍ ഗാര്‍ഷ്യയും ഉള്‍പ്പെട്ട മുന്നേറ്റ നിരയാണ് അവരുടെ കരുത്ത്. അതേസമയം മിലാന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സീരി എയില്‍ തപ്പിത്തടയുന്ന മിലാന് ഇന്നത്തെ ഫോം വെച്ച് അത്ലറ്റികോയെ കീഴടക്കുക മിലാന് അത്ര എളുപ്പമാവില്ല. കാകയും ബലോട്ടെല്ലിയും റൊബീഞ്ഞോയും ഉള്‍പ്പെട്ട ലോകോത്തര താരനിരയുണ്ടായിട്ടും മിലാന് സീരിഎയില്‍ ഇതുവരെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
















