സിലിഗുരി: അറുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളി ഇന്ന് അരങ്ങേറും. ഇന്ത്യന്‍ ഫുട്ബോളിലെ പുതുശക്തികളായ മിസോറാമും മുന്‍ ചാമ്പ്യന്മാരായ റെയില്‍വേസുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. മിസോറാമിന്റെ ആദ്യ ഫൈനലാണിത്.
മേഖലാ യോഗ്യതാ മത്സരങ്ങള്‍ മുതല്‍ ഒരെണ്ണം പോലും പരാജയപ്പെടുകയോ, സമനിലയില്‍ കുടുങ്ങുകയോ ചെയ്യാതെ തകര്‍പ്പന്‍ വിജയങ്ങളുമായാണ് മിസോറാം തങ്ങളുടെ ആദ്യ സന്തോഷ് ട്രോഫി ഫൈനലിന് യോഗ്യത നേടിയത്. സിലിഗുരിയില്‍ നടന്ന അവസാന ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം, മഹാരാഷ്‌ട്ര, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നിവര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് മിസോറാം കളിച്ചത്. കേരളത്തെ 3-1ന് കീഴടക്കി തുടങ്ങിയ മിസോറാം പിന്നീടുള്ള മത്സരങ്ങളില്‍ മഹാരാഷ്‌ട്രയെ 2-0നും നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസിനെ 4-1നും ഉത്തരാഖണ്ഡിനെ 2-1നും പരാജയപ്പെടുത്തി സെമിയിലെത്തി. എക്സ്ട്രാ സമയത്തേക്ക് നീണ്ട ആദ്യഎ സെമിയില്‍ തമിഴ്‌നാടിന്റെ കനത്ത വെല്ലുവിളി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിസോറാം മറികടന്നത്. മികച്ച മുന്നേറ്റ മധ്യനിരയാണ് മിസോറാമിന്റെ കരുത്ത്.
ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് മുന്‍ ചാമ്പ്യന്മാരായ റെയില്‍വേസ് കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുന്നത്. 1986-87 സീസണിലായിരുന്നു ഇതിന് മുമ്പ് അവസാനമായി റെയില്‍വേസ് സന്തോഷ് ട്രോഫി ഫൈനലില്‍ കളിച്ചത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് റെയില്‍വേസ് ഫൈനലില്‍ കളിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ട് ഫൈനലുകളില്‍ മൂന്നു തവണ ചാമ്പ്യന്മാരായപ്പോള്‍ അഞ്ച് തവണ രണ്ടാം സ്ഥാനക്കാരായി. 1966-67 സീസണിലാണ് റെയില്‍വേസ് അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. ഇത്തവണത്തെ സെമിഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്‌ട്രയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയാണ് റെയില്‍വേസ് തങ്ങളുടെ ഒമ്പതാം ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.
മിസോറാമിന്റെ വേഗതയേറിയ നീക്കങ്ങളെ തടുയുക എന്നതാണ് റെയില്‍വേസ് പ്രതിരോധനിരയുടെ പ്രധാന ദൗത്യം. ഇതില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. എന്തായാലും കന്നി കിരീടം ലക്ഷ്യമിട്ട് മിസോറാമും 47 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിവരുത്താനായി റെയില്‍വേസും കലാശക്കളിക്കിറങ്ങുന്നതോടെ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
















