മിര്‍പൂര്‍: പന്ത്രണ്ടാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനും മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയുമാണ് ഇന്ന് ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. 2008-നുശേഷം ആദ്യമായാണ് ശ്രീലങ്ക ഏഷ്യാകപ്പിന്റെ ഫൈനലില്‍ കളിക്കുന്നത്. 2000, 2012 വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് കിരീടം നേടിയത്. 1986, 1997, 2004, 2008 വര്‍ഷങ്ങളിലാണ് ശ്രീലങ്ക കിരീടത്തില്‍ മുത്തമിട്ടത്.
പ്രാഥമിക റൗണ്ടില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരവും പരാജയപ്പെടാതെയാണ് സിംഹളര്‍ ഫൈനലിലെത്തിയത്. അതേസമയം പാക്കിസ്ഥാന് പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഷാഹിദ് അഫ്രീദി എന്ന ഓള് റൗണ്ടറാണ് പാക്കിസ്ഥാനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് അഫ്രീദിയൂടെ വെടിക്കെട്ട് ബാറ്റിംഗാണ്. അതേസമയം പാക്കിസ്ഥാന് പരിക്കിന്റെ പിടിയിലാണ്. സൂപ്പര്‍താരം അഫ്രീദി, ഷര്‍ജീല്‍ ഖാന്, അഹമ്മദ് ഷെഹ്സാദ്, ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ എന്നിവരാണ് പരിക്കിന്റെ പിടിയിലായിട്ടുള്ളത്. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ഇന്നല്ലെ കലാശപ്പോരാട്ടത്തില്‍ കളിക്കുമെന്നുമാണ് പാക് ടീം മാനേജ്മെന്റ് പറയുന്നത്.
ഉജ്ജ്വല ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കുമാര്‍ സംഗക്കാരയാണ് ശ്രീലങ്കയുടെ കരുത്ത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറികളുമടക്കം 248 റണ്‍സാണ് സംഗക്കാര ഇതുവരെ നേടിയിട്ടുള്ളത്. എന്നാല്‍ മഹേല ജയവര്‍ദ്ധനെയുടെ ഫോമില്ലായ്മയാണ് അവരെ അലട്ടുന്നത്. ഒരുപിടി മികച്ച ഓള്‍റൗണ്ടര്‍മാരും ശ്രീലങ്കയുടെ കരുത്തുകൂട്ടുന്നു. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്, ചതുരംഗ ഡി സില്‍വ, തീസര പെരേര എന്നിവര്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്നു. ഓപ്പണര്‍മാരായ കുശല്‍ പെരേര, ലഹിരു തിരിമന്നെ എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. അതിശക്തമായ ബൗളിംഗ് നിരയും ലങ്കക്ക് സ്വന്തമാണ്. സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ മലിംഗ നയിക്കുന്ന ബൗളിംഗ് പടയില്‍ സചിത്ര സേനാനായകെ, അജാന്ത മെന്‍ഡിസ് തുടങ്ങിയവരും മികച്ച ഫോമിലാണ്.
അതേസമയം നിര്‍ണായക മത്സരങ്ങളില്‍ ഷാഹിദ് അഫ്രീദിയുടെ തകര്‍പ്പന്‍ പ്രകടനമാണ് പാക്കിസ്ഥാനെ ഫൈനലിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും തോല്‍വിയുടെ വക്കില്‍ നിന്നാണ് അഫ്രീദി ടീമിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ്, അഹമ്മദ് ഷെഹ്സാദ്, ഉമര്‍ അക്മല്‍, മുഹമ്മദ് ഹഫീസ് എന്നിവരിലാണ് ബാറ്റിംഗില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷ. ഭേദപ്പെട്ട ബൗളിംഗ് പടയും പാക്കിസ്ഥാന് സ്വന്തമാണ്. ഉമര്‍ ഗുല്‍, മുഹമ്മദ് ഹഫീസ്, ജുനൈദ് ഖാന് എന്നിവടങ്ങിയ ഫാസ്റ്റ് ബൗളിംഗ് നിരയും സയീദ് അജ്മല്‍ നയിക്കുന്ന സ്പിന്‍ ആക്രമണവും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. എന്തായാലും കിരീടം നിലനിര്‍ത്താനായി പാക്കിസ്ഥാനും ഒരു ഇടവേളക്കുശേഷം കിരീടം പിടിച്ചെടുക്കാന്‍ ശ്രീലങ്കയും കളത്തലിറങ്ങുമ്പോള് മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
















