ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന്, മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നീ ടീമുകള്‍ വിജയിച്ചപ്പോള്‍ അര്‍ജന്റീന, ഉറുഗ്വെ തുടങ്ങിയ കരുത്തര്‍ സമനിലയില്‍ കുടുങ്ങി. അതേസമയം ഇറ്റലി, നെതര്‍ലാന്റ്സ് എന്നീ ടീമുകള്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
നിലവിലെ ലോകചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരും തമ്മില്‍ മാഡ്രിഡില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിന് ഇറ്റലിയെ കീഴടക്കിയത്. ടിക്കി ടാക്ക ശൈലിയുമായി കളത്തിലിറങ്ങിയ സ്പാനിഷ് ചെമ്പട 63-ാം മിനിറ്റില്‍ പെഡ്രോ നേടിയ ഏക ഗോളിനാണ് അസൂറികളെ കീഴടക്കിയത്. ബ്രസീലിയന്‍ വംശജനും അത്ലറ്റികോ മാഡ്രിഡിന്റെ ഗോളടിയന്ത്രവുമായ ഡീഗോ കോസ്റ്റ സ്പെയിനിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തു.
പാരീസില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും നിലവിലെ റണ്ണേഴ്സപ്പായ നെതര്‍ലാന്റ്സുമായി ഏറ്റമുട്ടിയപ്പോള്‍ വിജയം മുന്‍ ചാമ്പ്യന്മാര്ക്കൊപ്പം നിന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം. 32-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സേമയും 41-ാം മിനിറ്റില്‍ ബ്ലെയ്സ് മറ്റ്യൂഡിയും ഫ്രഞ്ച് പടക്കായി ഗോളുകള്‍ നേടി.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഡെന്മാര്ക്കിനെ 1-0നാണ് ഇംഗ്ലണ്ട് കീഴടക്കിയത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന പോരാട്ടത്തിന്റെ 82-ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.
സ്റ്റുട്ട്ഗട്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ചിലിയെ കഷ്ടിച്ച് മറികടന്ന് ജര്‍മ്മനിയും വിജയം സ്വന്തമാക്കി. 16-ാം മിനിറ്റില്‍ മരിയോ ഗോട്സെയാണ് ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയത്.
അതേസമയം ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വെയും അര്‍ജന്റീനയും സമനിലയില്‍ കുരുങ്ങി. ഉറുഗ്വെയെ 1-1ന് ആസ്ട്രിയയാണ് തളച്ചത്. 14-ാം മിനിറ്റില്‍ മാര്‍ക്ക് ജാന്കോയുടെ ഗോളിലൂടെ ലീഡ് നേടിയ ആസ്ട്രിയയെ 66-ാം മിനിറ്റില്‍ ആല്‍വാരോ പെരേര നേടിയ ഗോളിലൂടെയാണ് ഉറുഗ്വെ സമനില പിടിച്ചത്.
ലോക ഫുട്ബോളിലെ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറോയും ഗൊണ്‍സാലോ ഹിഗ്വയിനും അടങ്ങുന്ന താരനിബിഡമായ അര്‍ജന്റീനയെയാണ് മറ്റൊരു മത്സരത്തില്‍ റുമാനിയ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്.
മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ മികച്ച വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസാണ് ദക്ഷിണ കൊറിയക്ക് മുന്നില്‍ കീഴടങ്ങിയത്. മറ്റൊരു മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോര്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഓസ്ട്രേലിയയെയും റഷ്യ 2-0ന് അര്‍മേനിയയെയും പരാജയപ്പെടുത്തി.
അതേസമയം ലോകകപ്പിന് യോഗ്യത നേടിയ ബോസ്നിയ, ഘാന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്നാഹ പോരാട്ടത്തില്‍ പരാജയം രുചിച്ചു. അമേരിക്കയെ 2-0ന് ഉക്രെയിനും ഘാനയെ 1-0ന് മൊണ്ടനെഗ്രോയും ബോസ്നിയയെ 2-0ന് ഈജിപ്റ്റുമാണ് കീഴടക്കിയത്. മറ്റ് പ്രധാന മത്സരങ്ങളില്‍ ഐവറികോസ്റ്റ്-ബല്‍ജിയം, സ്വിറ്റ്സര്‍ലന്റ്-ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്-നോര്‍വേ പോരാട്ടം 2-2നും കൊളംബിയ-ടുണീഷ്യ മത്സരം 1-1നും സമനിലയില്‍ കലാശിച്ചു
















