ന്യൂദല്‍ഹി: ഇന്ത്യന്‍ താരം അരവിന്ദ്ഭട്ടിന് ജര്‍മ്മന്‍ ഓപ്പണ്‍ ഗ്രാന്റ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ 12-ാം സീഡ് ഡെന്മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിന്‍ങ്കസിനെ 24-22, 19-21, 21-11 സ്കോറിന് പരാജയപ്പെടുത്തിയാണ് അരവിന്ദ് കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ സ്വന്തമാക്കിയത്. മത്സരം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
സെമി ഫൈനലില്‍ 15-ാ സീഡ് താരം ചൈനീസ് തായ്‌പേയിയുടെ ടിയെന്‍ ചെന്‍ ചുവിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അരവിന്ദ് കലാശക്കളിക്ക് യോഗ്യത നേടിയത്. സെമിയിലെന്നപോലെ ഏറെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം 24-22ന് അരവിന്ദ് സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിഷ് താരം തിരിച്ചടിച്ചു. 19-21നാണ് രണ്ടാം ഗെയിം ഡെന്മാര്‍ക്ക് താരം സ്വന്തമാക്കിയത്. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെ ഉജ്ജ്വല ഫോമില്‍ കളിച്ച അരവിന്ദ് 11 പോയിന്റുകള്‍ മാത്രം വിട്ടുകൊടുത്താണ് മത്സരവും കിരീടവും സ്വന്തമാക്കിയത്. തന്റെ 34-ാം വയസ്സിലാണ് അരവിന്ദ് ആദ്യ ഗ്രാന്റ്പ്രീ കിരീടം നേടുന്നത്.
കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ നേട്ടത്തിനൊപ്പം ജര്‍മ്മന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കി. 1999-ല്‍ പുല്ലേല ഗോപിചന്ദ് ഫൈനലില്‍ പുറത്താകുകയായിരുന്നു.
















