ന്യൂദല്‍ഹി: രാജ്യസമാധാനം നശിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ആഗോള ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. ഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ യാസിന് ഭടക്ലിനെതിരെയും കൂട്ടാളികള്‍ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച കുറ്റപത്രം അതടിവരയിടുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒരു പ്രമുഖ ദേശീയ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യന്‍ മുജഹിദീന്‍ ഭീകരരെ പരിശീലിപ്പിക്കാന്‍ അല്‍ഖ്വയ്ദ സമ്മതം മൂളിയിരുന്നു. അതിനു പ്രത്യുപകാരമായി, മ്യാന്മാറിലെ രോഹിന്ഗ്യ മുസ്ലീങ്ങള്‍ക്കുവേണ്ടി ജൂതന്മാര്ക്കെതിരെയുള്ള ഭീകരയുദ്ധത്തില്‍ പങ്കാളികളാകാനുള്ള നിര്‍ദേശവും അല്‍ഖ്വയ്ദ മുന്നില്‍വച്ചു. അല്‍ഖ്വയ്ദ നേതാക്കളോട് ബന്ധം സ്ഥാപിക്കുക ലക്ഷ്യമിട്ട് റിയാസ് ഭട്കല് അഫ്ഗാന്- പാക് അതിര്‍ത്തിയിലെ ഗോത്രമേഖലകളില്‍ നിരന്തരം സഞ്ചരിച്ചെന്നും യാസിന്റെ മൊഴിയെ ആധാരമാക്കിയുള്ള കുറ്റപത്രം വെളിപ്പെടുത്തുന്നു.
രാജസ്ഥാനില്‍ ഐഎം താവളമുറപ്പിച്ചെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. മാരക ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനം സിദ്ധിച്ച ഭീകര സംഘത്തെ യഥാസമയം അവിടേക്കു നിയോഗിക്കാനും ഐഎമ്മിനു സാധിച്ചു. ഇവരെല്ലാം പാക്കിസ്ഥാനിലിരുന്ന് ഇന്ത്യന്‍ മുജാഹിദീനെ നിയന്ത്രിക്കുന്ന റിയാസ് ഭട്കലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
നരേദ്രമോദിയുടെ പാറ്റ്നാ റാലിയ്ക്കിടെയും ബോധ് ഗയയിലുമുണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ബീഹാര്‍ ഘടകത്തെ അടിച്ചമര്‍ത്തിയ സാഹചര്യത്തിലാണ് ഐഎം രാജസ്ഥാനില്‍ നിലയുറപ്പിക്കാനുള്ള ശ്രമമാരംഭിച്ചത്. ബീഹാറിലും ബംഗാളിലും നിന്നുമൊക്കെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെക്കൂട്ടിവന്ന ഐഎമ്മിന്റെ കരങ്ങള്‍ ദല്‍ഹിയിലേക്കു നീണ്ടെന്നും യാസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് താന്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് വഖാസ്, തെഹ്ഷീന് അക്തര്‍ എന്നിവര്‍ ഐഎമ്മിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തതെന്നും യാസിന് സമ്മതിച്ചിട്ടുണ്ട്.
2008ല്‍ ഗുജറാത്തിലെ സൂററ്റില്‍ സ്ഫോടന പരമ്പര നടത്താനും ഐഎം പദ്ധതിയൊരുക്കി. പക്ഷേ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതു വിഫലമാക്കി. പാക്കിസ്ഥാനില്‍ ഇരുന്നുകൊണ്ട് സൂററ്റിലേക്ക് ആണവായുധം തൊടുക്കാനായിരുന്നു അടുത്തശ്രമം. യാസിനും റിയാസും തമ്മില്‍ നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിന്റെ രേഖകള്‍ പരിശോധിച്ച അന്വേഷക സംഘം കഴിഞ്ഞ ജൂണില്‍ രണ്ടാമത്തെ ആക്രമണ പദ്ധതിയെക്കുറിച്ച് മനസിലാക്കിയ കാര്യവും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: