ന്യൂദല്‍ഹി: തൊഴിലാളികളുടെ കുറഞ്ഞ വേതനം പതിനായിരം രൂപയാക്കി തൊഴില്‍മന്ത്രാലയം സമര്‍പ്പിച്ച ബില്ലിന് നിയമമന്ത്രാലയം അനുമതി നല്കി. ഇനി പാര്‍ലമെന്റിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ മതി. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുന്നതാണ് പുതിയ ബില്ല്.
മിനിമം വേതനവും ഡിഎയും അടക്കം 9000ത്തിനു മുകളിലുള്ള തുക എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്ന തരത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.
ഉപഭോക്തൃ വില സൂചിക അനുസരിച്ച് അതാതു സംസ്ഥാനങ്ങള്‍ ഡിഎ നിശ്ചയിക്കണം. ഒരു തൊഴിലാളി മാത്രമുള്ള ജോലിസ്ഥലങ്ങളിലും മിനിമം വേതനം നടപ്പാക്കണം. തെലങ്കാന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബഹളം തുടരുന്നതിനാലാണ് ബില്ല് അവതരിപ്പിക്കാന്‍ സാധിക്കാത്തതെന്നും അടുത്ത കേന്ദ്രസര്‍ക്കാര്‍ രൂപീകൃതമായാലുടന് മിനിമം വേതന ബില്ല് പാസാകുമെന്നും കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
പ്രൊവിഡന്റ് ഫണ്ട് വിരമിക്കല്‍ പ്രായം 60 ആക്കുന്നതു സംബന്ധിച്ച് തൊഴിലുടമകളുടെ കൂടെ സമ്മതത്തോടെയുള്ള സമവായ ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പെന്ഷന് പ്രായം 60 ആക്കണമെന്ന തൊഴിലാളി സംഘടനകളുടെ അഭിപ്രായം തന്നെയാണ് കേന്ദ്രസര്‍ക്കാരിനും.
കേരളത്തിന് ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഓഫീസ് അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റി. കണ്ണൂരിലെ ഡപ്യൂട്ടി ലേബര്‍ വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസിന്റെ ഗ്രേഡുയര്ത്തി ലേബര്‍ വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസാക്കി മാറ്റി. സുപ്രധാനമായ രണ്ടു തസ്തികകള്‍ അനുവദിച്ചതോടെ തൊഴില്‍ തര്‍ക്കങ്ങളില്‍ കേരളത്തിനു പുറത്തേക്ക് തീരുമാനങ്ങള്‍ക്കായി പോകേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്.
പാരിപ്പള്ളിയില്‍ അനുവദിച്ചിരിക്കുന്ന പുതിയ ഇഎസ്ഐ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവര്‍ നടത്തുന്ന സന്ദര്‍ശനത്തോടെ അനുമതി ലഭിക്കും. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ ആഗസ്തില്‍ ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏഴുകോണിലെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി 40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായും തൊഴില്‍സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: