ന്യൂദല്‍ഹി: പതിനേഴുവര്‍ഷമായി ക്യാപ്റ്റന്‍ ലത ശര്‍മ്മ യുദ്ധക്കളത്തിലായിരുന്നു, നിയമപ്പോരാട്ടത്തിന്റെ ചൂടുള്ള രണാങ്കണത്തില്‍. അവിടെ അവര്‍ക്കു നേരിടേണ്ടിവന്നത് അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളെയല്ല. സ്വന്തം മണ്ണിലെ നെറികെട്ട മേലധികാരികളെയായിരുന്നു. ആ പോരാട്ടത്തില്‍ ധീരയായ ആ സ്ത്രീരത്നം വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ ഏറെക്കൊതിച്ച ഏറെക്കാലം നിഷേധിക്കപ്പെട്ട പട്ടാളവേഷം അവര്‍ക്കു വീണ്ടും കൈവന്നു.
ജോലിയില്‍ നിന്നു പുറത്താക്കിയ സൈന്യത്തിന്റെ നടപടിക്കെതിരെ ലത നല്കിയ അപ്പീല്‍ സായുധസേന ട്രിബ്യൂണല്‍ അംഗീകരിച്ചു. ലതയ്ക്കു വിധിച്ച ശിക്ഷ നിയമവിരുദ്ധവും വഞ്ചനയാല്‍ മലിനമാക്കപ്പെട്ടതും സത്യത്തിന്റെ തിരസ്കരണവുമാണെന്ന് വിധി ന്യായത്തില്‍ ട്രിബൂണല്‍ വ്യക്തമാക്കി. ശമ്പളംഅടക്കം ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും ലതയ്ക്ക് നല്കാന് പ്രതിരോധ മന്ത്രാലയത്തിനോട് ട്രിബൂണ്യല് ഉത്തരവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും അവര്‍ക്കു ലഭിക്കും.
1983ലായിരുന്ന ലത സൈന്യത്തില്‍ നേഴ്സായി ജോലിയില്‍ പ്രവേശിച്ചത്. ഒമ്പതു വര്‍ഷത്തെ സേവനം പിന്നിട്ടപ്പോള്‍ അവരുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവപരമ്പരകള്‍ക്ക് തിരശീലയുയര്‍ന്നു. സ്വന്തം കണ്മുന്നിലിട്ട് സഹപ്രവര്‍ത്തകയെ ഒരുകൂട്ടം ഓഫീസര്‍മാര്‍ കൂട്ടംബലാത്സംഗം ചെയ്യുന്നതുകണ്ട ലത മേലധികാരികളെ വിവരം ധരിപ്പിച്ചു. 1992ല്‍ ആയിരുന്നത്. പക്ഷേ, സെക്കന്തരാബാദ് സൈനിക ആശുപത്രിയിലെ രജിസ്ട്രാറും കമ്മാന്ഡന്റും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചു. ലത അവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് മേലുദ്യോഗസ്ഥരും ലോക്കല്‍ പോലീസും ചേര്‍ന്ന് ലതയെ വ്യക്തിഹത്യ ചെയ്തു. 93ല്‍ ലതയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സൈന്യം ഒരു കോടതിക്ക് രൂപം നല്കി. ഇതിനെതിരെ ലത ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു.
സൈനിക കോടതി രൂപീകരിച്ചത് നിബന്ധനകള്‍ ലംഘിച്ചാണെന്നും തന്റെ ഭാഗം കേള്‍ക്കാനോ സാക്ഷിയ വിസ്തരിക്കാനോ തയ്യാറായില്ലെന്നും ലത ആന്ധ്രാ ഹൈക്കോടതിയെ ബോധിപ്പിച്ചു. പക്ഷേ, സൈന്യം നിയോഗിച്ച വക്കീല്‍ ലതയുടെ വാദങ്ങളെ ഖണ്ഡിച്ചു. ലത സ്ഥിരംപ്രശ്നക്കാരിയാണെന്നും ഫണ്ടുകളില്‍ തിരിമറിനടത്തിയെന്നും സൈന്യം ആരോപിച്ചു. ഒരു ബ്രിഗേഡിയറെ ലത കൈയേറ്റം ചെയ്തെന്നും അതിന്റപേരില് അവരെ ശിക്ഷിച്ചില്ലെന്നും ലത വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായെന്നു പറയപ്പെടുന്ന ഓഫീസറുടെ മൊഴിയെടുത്തതായും, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണമെന്നും സൈന്യം ബോധിപ്പിച്ചു. 1997ല്‍ ലതയുടെ ഹര്‍ജി കോടതി തള്ളി. അതേവര്‍ഷം ലതയെ സൈന്യത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 2012 ഡിസംബറിലാണ് ചെന്നൈയിലെ സായുധ സേനാ ട്രിബ്യണലിന് കേസ് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: