ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വി.എം സുധീരന് വീണ്ടും കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ മിസ്റ്റര്‍ ക്ലീന്‍ ഇമേജുള്ള സുധീരനെ പാര്‍ട്ടിയുടെ പ്രധാന ചുമതലയില്‍ നിയോഗിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനമെടുത്തെന്നാണ് സൂചന. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്ന് വി.എം സുധീരനും വ്യക്തമാക്കിക്കഴിഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കോ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ വി.എം സുധീരന്റെ പേര് ഉടന്‍ തന്നെ ഹൈക്കമാന്റ് പ്രഖ്യാപിച്ചേക്കാം. ഇതു സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ക്കായി ദല്‍ഹിയിലെത്തിയ വി.എം സുധീരന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എ.കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമായും സുധീരന് ചര്‍ച്ച നടത്തി. എന്നാല്‍ ദേശീയ തലത്തില്‍ ചുമതല വഹിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാട് ഹൈക്കമാന്റിനോട് അറിയിച്ചിട്ടുണ്ട്.
2004ലെ ആലപ്പുഴയിലെ തോല്‍വിക്കു ശേഷം കാര്യമായ ചുമതലകള്‍ വഹിക്കാതെ വിട്ടു നിന്ന വി.എം സുധീരന്റെ തിരിച്ചു വരവ് കേരളത്തിലെ എ,ഐ ഗ്രൂപ്പുകള്‍ക്ക് അത്ര സുഖകരമായ കാര്യമല്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധീരന്റെ പേരു ഹൈക്കമാന്റ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇരുവരും സ്പീക്കര്‍ ജി.കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപനം വൈകുന്നത് ഹൈക്കമാന്റിന് വി.എം സുധീരനു മേലുള്ള താല്‍പ്പര്യത്തിന്റെ തെളിവാണ്. ഇതിനകം മൂന്നു തവണ കോണ്‍ഗ്രസ് ഹൈക്കമാന്റ് വി.എം സുധീരനെ ദല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. പാര്‍ട്ടി ചുമതല ഏറ്റെടുക്കാന്‍ സുധീരനെ തയ്യാറാക്കുന്നതിനായാണ് ഹൈക്കമാന്റ് ശ്രമങ്ങള്‍ തുടര്‍ന്നത്. രാഹുല്‍ഗാന്ധിയുടെ താല്‍പ്പര്യവും വി.എം സുധീരന് കോണ്‍ഗ്രസ് ചുമതലയില്‍ എത്തണമെന്നാണ്.
1971ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എം സുധീരന് 1975ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലെത്തിയ സുധീരന് 1980 മുതല്‍ നിയമസഭാംഗവുമായിരുന്നു. 1985 മുതല്‍ രണ്ടു വര്‍ഷം നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചു.
1995ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി പ്രശംസനീയമായ പ്രവര്‍ത്തനവും കാഴ്ചവച്ചു. 1996 മുതല്‍ വീണ്ടും ലോക്സഭയിലേക്കെത്തിയെങ്കിലും 2004ല്‍ ആലപ്പുഴയില്‍ ഡോ.കെ.എസ് മനോജിനോട് പരാജയപ്പെട്ടു.
2009ല്‍ പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതലമുറയ്ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പിന്നീട് തെരഞ്ഞെടുപ്പ് മത്സര രംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: