ഓക്ലന്റ്: വിക്കറ്റുകളുടെ പെരുമഴ കണ്ട മൂന്നാം ദിവസത്തിനൊടുവില്‍ ഇന്ത്യന്‍ വിജയം 320 റണ്‍സ് അകലെ. ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം മൊത്തം 17 വിക്കറ്റുകളാണ് നിലംപതിച്ചത്. ഇന്ത്യയുടെ ഏഴും ന്യൂസലാന്റിന്റെ പത്തും. രണ്ട് ദിവസം ഒമ്പത് വിക്കറ്റും ബാക്കിനില്‍ക്കേ 320 റണ്‍സ് കൂടി നേടിയാല്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിക്കാം. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503 റണ്‍സിനെതിരെ ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്സ് 202 റണ്‍സില്‍ അവസാനിച്ചു. 301 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലാന്റിനെ ഇന്ത്യന്‍ പേസര്‍മാര്‍ കശാപ്പുചെയ്തു. ഫലം രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ് 105 റണ്‍സിന് പുറത്ത്.
ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 407 എന്ന നിലയിലെത്തി. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരുവിക്കറ്റിന് 87 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലാണ്. ശിഖര്‍ ധവാന്‍ (49), ചേതേശ്വര്‍ പൂജാര (22) എന്നിവരാണ് ക്രീസില്‍. 13 റണ്‍സ് നേടിയ മുരളി വിജയാണ് പുറത്തായത്.
മൂന്നാം ദിവസമായ ഇന്നലെ നാലിന് 130 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ടീം ഇന്ത്യ 72 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 202 റണ്‍സിന് ഓള്‍ ഔട്ടായി.
22 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച രഹാനെ നാല് റണ്‍സ് കൂടി നേടി പുറത്തായി. സൗത്തിയുടെ പന്തില്‍ ടെയ്‌ലര്‍ക്ക് ക്യാച്ച്. തുടര്‍ന്ന് 67 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച രോഹിത്ത് ശര്‍മ്മ അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ബൗള്‍ട്ടിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. ക്യാപ്റ്റന്‍ ധോണി 10 റണ്‍സെടുത്ത് വാഗ്നറുടെ പന്തില്‍ വാറ്റ്ലിംഗിന് ക്യാച്ച് നല്‍കി പുറത്തായതോടെ ഇന്ത്യ 7ന് 167 എന്ന നിലയിലായി. പിന്നീട് വാലറ്റത്ത് രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയ 30 റണ്‍സും സഹീര്‍ഖാന്‍ നേടിയ 14 റണ്‍സുമാണ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തിയത്. ഇഷാന്ത് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെയും മുഹമ്മ് ഷാമി രണ്ട് റണ്‍സെടുത്തും മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 202 റണ്‍സിലവസാനിച്ചു. കിവീസ് നിരയില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ നീല്‍ വാഗ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ടിം സൗത്തിയും ട്രെന്‍ഡ് ബൗള്‍ട്ടും മികച്ചപ്രകടനം നടത്തി.
ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിന് എത്തിയ കിവീസിന് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ പീറ്റര്‍ ഫുള്‍ട്ടണ്‍ (5) മുഹമ്മദ് ഷാമിയുടെ പന്തില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കി പുറത്ത്. പിന്നീട് മൂന്നാ ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് ഷാമി വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ ഇരയായത് റണ്ണൊന്നുമെടുക്കാതിരുന്ന റൂതര്‍ഫോര്‍ഡ്. സ്കോര്‍ രണ്ടിന് 9 റണ്‍സ്. അടുത്തത് സഹീര്‍ ഖാന്റെ ഉൗഴമായിരുന്നു. ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരന്‍ വില്ല്യംസണിന് ഇത്തവണ പിഴച്ചു. മൂന്ന് റണ്‍സെടുത്ത വില്ല്യംസണിനെ സഹീര്‍ ജഡേജയുടെ കൈകളിലെത്തിച്ചു. സ്കോര്‍ മൂന്നിന് 11. സ്കോര്‍ 15 റണ്‍സിലെത്തിയപ്പോള്‍ നാലാം വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. ആദ്യ ഇന്നിംഗ്സില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (1) റണ്ണൗട്ടായി മടങ്ങി. വീണ്ടും മുഹമ്മദ് ഷാമിയുടെ ഊഴം. ഇത്തവണ ഇരയായത് കോറി ജെ. ആന്‍ഡേഴ്സണ്‍. സ്കോര്‍ 5ന് 25. പിന്നീട് ടെയ്‌ലറും വാറ്റ്ലിംഗും ചേര്‍ന്ന്സ്കോര്‍ 63-ല്‍ എത്തിച്ചെങ്കിലും സഹീര്‍ ഖാന്‍ ഈ കൂട്ടുകെട്ട് പിരിച്ചു. കിവീസ് നിരയിലെ ടോപ്സ്കോററായ ടെയ്‌ലറെ (41) രഹാനെ കയ്യിലൊതുക്കി. സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത സൗത്തിയെ ജഡേജ പൂജാരയുടെ കൈകളിലെത്തിച്ചതോടെ കിവീസിന്റെ ഏഴാം വിക്കറ്റും നിലംപതിച്ചു. അടുത്തത് ഇഷാന്ത് ശര്‍മ്മയുടെ ഊഴമായിരുന്നു. 11 റണ്‍സെടുത്ത വാറ്റ്ലിംഗിനെ ഇഷാന്ത് ബൗള്‍ഡാക്കി. സ്കോര്‍ 8ന് 78. രണ്ട് പന്തുകളുടെ ഇടവേളക്കുശേഷം കിവീസിന്റെ ഒമ്പതാം വിക്കറ്റും ഇഷാന്ത് പിഴുതു. ഇത്തവണ റണ്ണൊന്നുമെടുക്കാതിരുന്ന സോധിയായിരുന്നു ഇഷാന്തിന്റെ ഇര. സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ അവസാന വിക്കറ്റും വീണു. 14 റണ്‍സെടുത്ത വാഗ്നറെ ഇഷാന്ത് ശര്‍മ്മ ജഡേജയുടെ കൈകളിലെത്തിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി.
തുടര്‍ന്ന് 407 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്കും മകിച്ച തുടക്കം ലഭിച്ചില്ല. സ്കോര്‍ബോര്‍ഡില്‍ 36 റണ്‍സുള്ളപ്പോള്‍ 13 റണ്‍സെടുത്ത മുരളി വിജയിനെ സൗത്തി വാറ്റ്ലിംഗിന്റെ കൈകളിലെത്തിച്ചു. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ധവാനും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 87 റണ്‍സിലെത്തിച്ചു. ഇന്ന് രാവിലത്തെ ഒരു മണിക്കൂര്‍ നേരം മത്സരത്തില്‍ നിര്‍ണായകമായിരിക്കും. ഈ ഒരു മണിക്കൂര്‍ നേരം ന്യൂസിലാന്റ് പേസര്‍മാര്‍ക്കെതിരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് വിജയം സ്വപ്നം കാണാം. മറിച്ചായാല്‍ പരാജയവും.
















