ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിെന്റ അനുമതിയില്ലാതെ ജനലോക്പാല്‍ ബില്അവതരിപ്പിക്കാനുള്ള ദല്‍ഹിയിലെ ആംആദ്മിപാര്‍ട്ടി സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിലപാടു സ്വീകരിച്ച ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങ്ങ് കോണ്‍ഗ്രസ് ഏജന്റാണെന്ന് ആക്ഷേപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തി.
കേന്ദ്രാനുമതിയില്ലാതെ ബില്ലുമായി മുന്നോട്ടു നീങ്ങുന്നത് നിയമവിരുദ്ധമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് ലഫ്.ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയം ലഫ്.ഗവര്‍ണ്ണറുമായി ചര്‍ച്ച ചെയ്യുമെന്നും ദല്‍ഹിയിലെ സര്‍ക്കാരിന്റേയും ജനങ്ങളുടേയും തീരുമാനമാണ് ലഫ്.ഗവര്‍ണ്ണര്‍ നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. നിയമസഭയ്ക്കും ദല്‍ഹി സര്‍ക്കാരിനും തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് മന്ത്രി മനീഷ് സിസോദിയും അവകാശപ്പെട്ടു. ഇതിനിടെയാണ് ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങ്ങ് കോണ്‍ഗ്രസ് ഏജന്റാണെന്ന ആക്ഷേപവുമായി ആംആദ്മിപാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. ലോക്പാല്‍ ബില്ല് വിഷയത്തില്‍ നിയമോപദേശം തേടിയ ലഫ്.ഗവര്‍ണ്ണറുടെ നടപടി തെറ്റാണെന്നും നജീബ് ജുങ്ങ് കോണ്‍ഗ്രസ് പ്രതിനിധിയേപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് എഎപി വക്താവ് അശുതോഷാണ് രംഗത്തെത്തിയത്. നിയമോപദേശം നല്കിയ കത്ത് ലഫ്.ഗവര്‍ണ്ണറുടെ കൈകളിലൂടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും അശുതോഷ് ആരോപിച്ചു.
ഫെബ്രുവരി 16ന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് ജനലോക്പാല്‍ ബില്ല് പാസാക്കാനാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ജനലോക്പാലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക അനുവദിക്കേണ്ടത് കേന്ദ്രസര്‍ക്കാരായതിനാല്‍ വിഷയം നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നേടണമായിരുന്നു. ഇതു ചെയ്യാതെ ഭരണഘടനാ വിരുദ്ധമായ രീതിയില്‍ നിയമസഭാ സമ്മേളനം പൊതു സ്ഥലത്ത് വിളിച്ചു ചേര്‍ത്ത് ഭരണഘടനാ സംവിധാനങ്ങളെ അപമാനിക്കാനാണ് എഎപി സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: