ലോകകപ്പ് ഫുട്ബോളില്‍ ഹീറോകള്‍ ഏറെ പിറന്നിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ലഭിക്കാത്തൊരു നേട്ടത്തിനുടമയാണ് ബ്രസീലിന്റെ മുന്‍ ക്യാപ്റ്റന്‍ കഫു. നാലു ലോകകപ്പുകളില്‍ ബ്രസീല്‍ നേടിയ 16 വിജയങ്ങളില്‍ കഫു ഭാഗമായി, ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലെഴുതി. തുടര്‍ച്ചയായ മൂന്നു ഫൈനലുകളില്‍ പന്തുതട്ടിയ ഏക താരവും കഫു തന്നെ.
94-ലെ അമേരിക്കന്‍ ലോകകപ്പിലായിരുന്നു കഫുവിന്റെ അരങ്ങേറ്റം. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ഭൂരിഭാഗം സമയവും ആ റൈറ്റ് ബാക്കര്‍ വെറുതെയിരുന്നു. എന്നാല്‍ ജോര്‍ജീഞ്ഞോയ്ക്ക് പരിക്കേറ്റപ്പോള്‍ കഫുവിന്റെ സമയം തെളിഞ്ഞു. ഇറ്റലിയുമായുള്ള ഫൈനലില്‍ കഫു കളിക്കാനിറങ്ങി. റോബര്‍ട്ടോ ബാജിയോ ചുക്കാന്‍ പിടിച്ച ഇറ്റാലിയന്‍ ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തിയത് കഫുവിന്റെ പ്രയത്നങ്ങളായിരുന്നു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയെ വീഴ്ത്തി ബ്രസീല്‍ കിരീടം ചൂടുമ്പോള്‍ ആ താരത്തിന്റെ രാജകീയ നേട്ടങ്ങളുടെ സ്റ്റാര്‍ട്ടിങ് വിസില്‍ മുഴങ്ങി. 98-ല്‍ ഫ്രാന്‍സ് ആതിഥ്യം വഹിച്ച ലോകകപ്പിലെ ഏഴുമത്സരങ്ങളിലും കഫു ബ്രസീലിയന്‍ കുപ്പായമണിഞ്ഞു. ഇടതു വശത്ത് റോബര്‍ട്ടോ കാര്‍ലോസും വലതുഭാഗത്ത കഫുവും അധ്വാനിച്ചു കളിച്ച നിമിഷങ്ങളില്‍ ബ്രസീലിന് ഒമ്പത് അറ്റാക്കര്മാരുണ്ടെന്ന് തോന്നിച്ചു. കലാശക്കളിയില്‍ ഫ്രാന്‍സിനോട് കാനറികള്‍ക്ക് അടിതെറ്റിയെങ്കിലും ലോകോത്തര ഡിഫന്‍ഡര്‍ എന്ന പദവി നെഞ്ചിലേറ്റിയാണ് കഫു നാട്ടിലേക്ക് മടങ്ങിയത്. 2002 ലോകകപ്പ് ബ്രസീലിന്റെ ചരിത്രത്തിലെ സുവര്ണ്ണത്താളുകളില് കുറിക്കപ്പെട്ടു. ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞ കഫു മഞ്ഞക്കിളികളെ കിരീടത്തിലേക്ക് കൈപിടിച്ചു നടത്തി. കഫുവിന്റെ പരിചയസമ്പത്തും റൊണാള്‍ഡോയുടെ മാരക പ്രഹരശേഷിയും റൊണാള്ഡീഞ്ഞോയിലെ പ്രതിഭയുമെല്ലാം ചേര്‍ന്നപ്പോള്‍ ബ്രസീല്‍ എതിരാളികളെ ഒന്നൊന്നായി തച്ചുടച്ചു മുന്നേറി. ഒടുവില്‍ സാക്ഷാല്‍ ഒളിവര്‍ ഖാന്റെ ജര്‍മ്മനിയെയും തകര്‍ത്ത് കഫുവും കൂട്ടരും ട്രോഫി നാട്ടിലേക്കു കടത്തിക്കൊണ്ടുപോയി. 2006 ജര്‍മ്മന്‍ ലോകകപ്പിലും കഫു തന്നെയായിരുന്നു ബ്രസീലിന്റെ ക്യാപ്റ്റന്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ അനായാസ ജയങ്ങളിലൂടെ ബ്രസീല്‍ കരുത്തറിയിച്ചു. രണ്ടാം റൗണ്ടില്‍ ഘാനയും നിലവിലെ ചാമ്പ്യന്മാരെ വണങ്ങി. പക്ഷെ, ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പുറത്തേക്കടിച്ചു. അങ്ങനെ മൂന്നാം ലോക കിരീടമെന്ന കഫുവിന്റെ സ്വപ്നം തകര്‍ന്നു.
















