വെല്ലിംഗ്ടണ്‍: ടീം ഇന്ത്യ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ചു. ഇന്നലെ ന്യൂസിന്റിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഒരു റണ്‍സെടുത്തതോടെയാണ് ധോണി എണ്ണായിരം ക്ലബില്‍ ഇടം നേടിയത്. വേഗത്തില്‍ എണ്ണായിരം റണ്‍സ് നേടുന്ന ബാറ്റ്സ്മാന്മാരില്‍ നാലാം സ്ഥാനത്താണ് ധോണി. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്. ഗാംഗുലി 200 ഇന്നിംഗ്സുകളില്‍ നിന്നും സച്ചിന്‍ 210 ഇന്നിംഗ്സുകളില്‍ നിന്നും ലാറ 211 ഇന്നിംഗ്സുകളില്‍നിന്നുമാണ് 8000 റണ്‍സ് തികച്ചത്.214 ഇന്നിംഗ്സുകളില്‍ നിന്നാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ന്യൂസിലാന്റിനെതിരായ അഞ്ചാം ഏകദിനത്തില്‍ ആറാമനായി ക്രീസിലെത്തിയ ധോണി നേരിട്ട ആറാം പന്തില്‍ സിംഗിളിലൂടെ എണ്ണായിരം ക്ലബിലെത്തി. ഏകദിന ക്രിക്കറ്റില്‍ എണ്ണായിരത്തിലധികം റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ഈ റാഞ്ചിക്കാരന്‍. പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ച്വറിയടക്കം 272 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും സ്ഥിരത പുലര്‍ത്തിയ ഏക ബാറ്റ്സ്മാനും ധോണിയാണ്.
















